കുടകിലെ ദുരന്തത്തിനു കാരണം നിർമാണപ്രവൃത്തികളെന്ന് പഠനം
Tuesday, August 27, 2019 12:25 AM IST
ബംഗളൂരു: സംസ്ഥാനത്ത് വീണ്ടും കാലവർഷം ദുരിതം വിതച്ചപ്പോൾ ഇത്തവണയും ഏറ്റവും കൂടുതൽ മഴക്കെടുതി നേരിട്ടത് കുടക് ജില്ലയാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രളയവും മൂലം കനത്ത നാശനഷ്ടങ്ങളാണ് ജില്ലയിലുണ്ടായത്. ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോഴും മഴ തുടരുന്നുണ്ട്.

അതേസമയം, കുടകിലെ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം ജില്ലയിലെ നിർമാണപ്രവർത്തനങ്ങളാണെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പുറത്തുവിട്ട പഠനറിപ്പോർട്ടിൽ പറയുന്നത്. പരിസ്ഥിതിലോലമായ ജില്ലയിലെ റോഡ്, റെയിൽ നിർമാണ പ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും തുടർന്നാൽ കൂടുതൽ ദുരന്തങ്ങൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതീവപരിസ്ഥിതിലോല മേഖലകളായ കുടകിൽ വനംകൈയേറ്റം ഒഴിപ്പിക്കണമെന്നും വിനോദസഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിസോർട്ടുകൾക്കും വില്ലകൾക്കും പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു വേണ്ടി ഡോ. ടി.വി. രാമചന്ദ്ര, സെട്ടൂരു ഭരത്, എസ്. വിനയ് എന്നിവരാണ് കുടകിലെ മഴക്കെടുതിയെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയത്.