ഹോങ്കോംഗ് പ്രക്ഷോഭകാരി വോംഗ് ബർലിനിൽ
Tuesday, September 10, 2019 10:14 PM IST
ബർലിൻ : ഹോങ്കോംഗിലെ ജനാധിപത്യ ധ്വംസത്തിനെതിരെ പോരാടുന്ന
ആക്ടിവിസ്റ്റ് ജോഷ്വ വോംഗ് ബർലിനിലെത്തി ജർമൻ വിദേശകാര്യമന്ത്രി ഹെയ്കോ മാസുമായി കൂടിക്കണ്ട് ചർച്ച നടത്തി.പുതിയ ശീതയുദ്ധം എന്നു വിശേഷിപ്പിച്ചാണ് ചർച്ചയ്ക്കു ശേഷം വോംഗ് മാധ്യമങ്ങളുമായി കൂടിക്കണ്ടത്. ജർമനിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്പ് ഹോങ്കോംഗിൽ പോലീസ് തടഞ്ഞുവച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് വോംഗ് ബർലിനിൽ എത്തിയത്. ബർലിനിൽ എത്തിയ വോംഗിനെ കാത്ത് നൂറുകണക്കിനു മനുഷ്യാവകാശ പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിൽ വളർന്നുവരുന്ന ജനാധിപത്യ അനുകൂല പ്രസ്ഥാനത്തെ പിന്തുണയ്ക്കാനുള്ള ആഹ്വാനവുമായിട്ടാണ് വോംഗ് ബർലിനിലെത്തിയത്.22 കാരനായ വോംഗ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതിഷേധ സാഹചര്യത്തെക്കുറിച്ചും സ്വതന്ത്ര തെരഞ്ഞെടുപ്പിനും ജനാധിപത്യത്തിനും വിലകൽപ്പിയ്ക്കുന്നതിന്‍റെ കാരണങ്ങൾ നേരത്തെ ജർമനിക്കു മുന്നിൽ സമർപ്പിച്ചിരുന്നു.

ബർലിൻ സന്ദർശന വേളയിൽ രാജ്യത്തെ മറ്റ് രാഷ്ട്രീയക്കാരുമായി ചർച്ച നടത്താനും വോംഗ് പദ്ധതിയിട്ടുണ്ട്. ജർമനിയിലെത്തിയ വോംഗിന് മെർക്കലുമായിട്ടുള്ള കൂടിക്കാഴ്ച അനുവദിച്ചിട്ടില്ല. എന്നാൽ മെർക്കലിന്‍റെ പിന്തുണ തേടി വോങ് തന്നെ മെർക്കലിന് ഒരു തുറന്ന കത്തെഴുതിയിട്ടുണ്ട്. ജർമൻ സന്ദർശനത്തിനു ശേഷം വോംഗ് യുഎസിലേക്ക് പോകും.

വെറും 12 വയസുള്ളപ്പോൾ ആക്ടീവിസ്റ്റായി പ്രവർത്തനം ആരംഭിച്ച വോംഗ് പിന്നീട് ബീജിംഗിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് നരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ