"അഞ്ചപ്പം' പദ്ധതി അഞ്ചു സംസ്ഥാനങ്ങളിൽ ആരംഭിച്ചു
Wednesday, September 25, 2019 8:54 PM IST
ന്യൂഡൽഹി: അന്നം ആവശ്യമുള്ളവന് അത് സൗജന്യമായി ലഭിക്കുവാൻ വേൾഡ് പീസ് മിഷൻ നടത്തുന്ന പരിശ്രമങ്ങൾ ഇന്ത്യയിലെ അഞ്ച് വടക്കൻ സംസ്ഥാനങ്ങളിൽ കൂടി ആരംഭിച്ചു.

ഡൽഹി ഗോർഗോൺ രൂപതയുടെ മേൽനോട്ടത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ കൂടാതെ രാജസ്ഥാൻ,പഞ്ചാബ്, ഒഡീഷ, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് സാമൂഹ്യ സേവനത്തിന്‍റെ ഉദാത്ത മാതൃക കാട്ടി കൊണ്ട് 'അഞ്ചപ്പം' എന്ന അന്നദാന പദ്ധതി ആരംഭിച്ചത്.

ഗോർഗോൺ ബിഷപ് ജേക്കബ് മാർ ബർണബാസ്‌ ആണ് വിതരണോദ്ഘാടനം നിർവഹിച്ചത്.
നിർധനരും അശരണരുമായ മനുഷ്യരുടെ ഇടയിലാണ് വേൾഡ് പീസ് മിഷൻ പ്രവർത്തകർ അന്നം എത്തിക്കുന്നത്. വേൾഡ് പീസ് മിഷന്‍റെ അതാതു രാജ്യങ്ങളിലെ പ്രതിനിധികൾ വഴിയും സംഗീത ആൽബങ്ങളുടെ വിതരണത്തിലൂടെ ലഭിക്കുന്ന വരുമാനം വഴിയും വേൾഡ് പീസ് മിഷന്‍റെ ഫാമിലി മിഷൻ ശുശ്രൂഷകളിലൂടെ ലഭിക്കുന്ന സഹായവും ചേർത്താണ് ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ തടസം കൂടാതെ മുന്നേറുന്നത്.

ഒൻപത് ആഫ്രിക്കൻ രാജ്യങ്ങളിൽ മൂന്നു വർഷമായി "അഞ്ചപ്പം' വിതരണം ചെയ്യുന്നുണ്ട്.
ഇതിനു നേതൃത്വം നൽകുന്നത് വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫനാണ്. വടക്കേ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഫാ.മാത്യു വടക്കേക്കോട്ടും സിസ്റ്റർ വിനീത എസ്ഐസിയും ചേർന്നാണ്. വേൾഡ് പീസ് മിഷൻ സ്പിരിച്വൽ ഡയറക്ടർ ഫാ.ബോബി ജോസ് കട്ടിക്കാടിന്‍റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പാവങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന "അഞ്ചപ്പം' ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. ഫാ. ബോബി ജോസ് കട്ടിക്കാടിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അവ പ്രവർത്തിക്കുന്നത്.

റിപ്പോർട്ട് :കെ.ജെ.ജോൺ