സോള്‍ മലയാളീസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു
Sunday, September 29, 2019 12:35 PM IST
സോള്‍: ദക്ഷിണകൊറിയയില്‍ സോള്‍ മലയാളീസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലയാളികള്‍ ഒത്തുകൂടി. സെപ്റ്റംബര്‍ 22 നു സുവോണ്‍ നഗരത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ഏകദേശം 65 ഓളം കുടുംബങ്ങള്‍ പങ്കെടുക്കുകയുണ്ടായി. ഓണത്തപ്പനെ വരവേല്‍ക്കാന്‍ അതിരാവിലെ തന്നെ എല്ലാവരും ചേര്‍ന്ന് പൂക്കളം തയ്യാറാക്കി. അതിനു പിന്നാലെ അമ്മമാര്‍ ചേര്‍ന്ന് തിരുവാതിര, ഓണപ്പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു.

കൊടും ശൈത്യം ഉള്ള കൊറിയയില്‍ ഓണ സദ്യയ്ക്കുള്ള പല സാമഗ്രികളും ഇല്ലാതിരുന്നിട്ട് കൂടി കെങ്കേമമായ ഒരു സദ്യയൊരുക്കാന്‍ പറ്റി. മലയാളികക്കൊപ്പം വിദേശികളും വാഴയിലയില്‍ ഓണസദ്യ ഉണ്ടു. അവിയലും സാമ്പാറും രസവും രണ്ടു കൂട്ടം പായസവും എല്ലാം കൂടിയ കിടിലന്‍ സദ്യ. ഓണസദ്യയ്ക്ക് ശേഷം വിവിധകലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്‍ക്കും പ്രത്യേകം ഓണക്കളികള്‍ ഒരുക്കിയിരുന്നു. നാടന്‍പാട്ടുകളും ചെറു നാടകവും എല്ലാവരും ആസ്വദിച്ചു.

കലാപരിപാടികള്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തശേഷം ആര്‍പ്പുവിളികളുമായി ഫോട്ടോസെഷന്‍. ഓണ പൂവിളികളോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം