വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിയയാളെ തെരുവുനായ കടിച്ചു
Wednesday, October 15, 2025 12:28 AM IST
പാലക്കാട്: മണ്ണാർക്കാട് വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിയയാളെ തെരുവുനായ കടിച്ചു. കുമരംപുത്തൂർ കുളപ്പാടത്ത് കുളപ്പാടം പൂന്തിരുത്തി മാട്ടുമ്മൽ പ്രഭാകരനാണ് കടിയേറ്റത്.
ടാപ്പിംഗ് തൊഴിലാളിയായ പ്രഭാകരൻ ഉച്ചയ്ക്ക് ശേഷം വീടിന്റെ തിണ്ണയിൽ ഉറങ്ങുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. പ്രഭാകരന്റെ തലയിലും മുഖത്തും കൈയ്ക്കും കടിയേറ്റു. സാരമായി പരുക്കേറ്റ പ്രഭാകരൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കൂട്ടമായി എത്തിയ തെരുവുനായ്ക്കളിൽ ഒരെണ്ണമാണ് ആക്രമിച്ചത്. പ്രഭാകരന്റെ നിലവിളി കേട്ട് ഭാര്യ ഓടിയെത്തിയാണ് നായ്ക്കളെ ഓടിച്ചത്. സാരമായി പരിക്കേറ്റതിനാൽ ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രഭാകരൻ പറഞ്ഞു.