മാർ കാവുകാട്ട് മാതൃക പ്രേഷിതൻ: കർദ്ദിനാൾ മാർ ആലഞ്ചേരി
Saturday, October 5, 2019 9:55 PM IST
വത്തിക്കാൻ : പ്രേഷിത തീഷ്ണതയ്ക്കും കൂട്ടായ്മാ മനോഭാവത്തിനും വർത്തമാനകാല സഭ മാതൃകയാക്കേണ്ട ഒരു വിശുദ്ധ വ്യക്തിത്വമാണ് മാർ മാത്യൂ കാവുകാട്ട് എന്ന് മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദൈവദാസൻ കാവുകാട്ട് പിതാവിൻറെ അൻപതാം ചരമവാർഷികാചരണത്തിന്‍റെ ഭാഗമായി ഒക്ടോബർ അഞ്ചിന് രാവിലെ റോമിലെ പ്രൊപ്പഗാന്ത സെമിനാരിയിൽ നടന്ന അനുസ്മരണ ദിവ്യബിയിൽ വചന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സ്നേഹത്തെ തന്‍റെ ജീവിത വിളിയായും ശുശ്രൂഷയെ അതിനുള്ള മാർഗമായും കണ്ട ഒരു പുരോഹിത ശ്രേഷ്ഠനാണ് കാവുകാട്ടു തിരുമേനിയെന്ന് കർദ്ദിനാൾ അനുസ്മരിച്ചു. തന്‍റെ സഹപ്രവർത്തകരായ വൈദികരിൽ ആത്മവിശ്വാസമർപ്പിച്ച് അവരുടെ കഴിവുകളോടും കുറവുകളോടും കൂടി അവരെ സ്നേഹിച്ച് സഭാഭരണം നടത്തിയ ഒരു നല്ല അജപാലകനായിരുന്നു കാവുകാട്ടു പിതാവെന്നും അദ്ദേഹം കൂട്ടി ചേർത്തു. അദ്ദേഹത്തിന്‍റെ നാമകരണ നടപടികൾ വേഗം ഫലപ്രാപ്തിയിൽ എത്താൻ കൂടുതൽ പ്രാർഥിക്കണമെന്നും മാർ ആലഞ്ചേരി ഓർമിപ്പിച്ചു.

അന്പതാം ചരമ വാർഷികമായതിനാൽ വിപുലമായ രീതിയിൽ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.മാർ ജോസഫ് പെരുന്തോട്ടം, മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ ജോർജ് വലിയമറ്റം എന്നിവർ ഉൾപ്പെടെ ഇരുപതോളം മെത്രാന്മാർ തിരുക്കർമങ്ങളിൽ സഹകാർമികരായി പങ്കുചേർന്നു. സീറോ മലബാർ സഭയിലെ എല്ലാ രൂപതയിൽ നിന്നുള്ള പ്രതിനിധികളും പ്രത്യേകിച്ച്, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിൽ നിന്നുള്ള വൈദികരും സന്യാസിനികളും അൽമായരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

പോസ്റ്റുലേറ്റർ ഫാ. ജോസഫ് ആലഞ്ചേരി സ്വാഗതവും ചങ്ങനാശേരി അതിരൂപത വൈദിക പ്രതിനിധി ഫാ. പ്രകാശ് മറ്റത്തിൽ നന്ദിയും പറഞ്ഞു. നേർച്ച വിതരണത്തിനു ശേഷം സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ