ജർമനിയിൽ മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷികം ആഘോഷിച്ചു
Tuesday, October 8, 2019 7:22 PM IST
ബോണ്‍: മലങ്കര കത്തോലിക്കാസഭയുടെ എണ്‍പത്തിയൊൻപതാം പുനരൈക്യ വാർഷികവും സഭാ സംഗമവും ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തി.

സെപ്റ്റംബർ 29 ന് ഫ്രാങ്ക്ഫർട്ടിലെ ഹെർസ് ജേസു ദേവാലയത്തിൽ മലങ്കര റീത്തിലുള്ള ദിവ്യബലിയോടുകൂടി സംഗമത്തിന് തുടക്കം കുറിച്ചു. സീറോ മലങ്കര പുത്തൂർ രൂപത ബിഷപ് ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ജർമനിയിലെ മുൻ അപ്പസ്തോലിക് വിസിറ്റേറ്ററും നിലവിൽ സീറോ മലങ്കര ബത്തേരി രൂപത ബിഷപ്പുമായ ജോസഫ് മാർ തോമസ് എന്നിവർ മുഖ്യകാർമികരായ ആഘോഷമായ സമൂഹബലിയിൽ ഫാ. സന്തോഷ് തോമസ് (ജർമനിയിലെ സീറോ മലങ്കര കോ ഓർഡിനേറ്റർ), ഫാ.ജോസഫ് ചേലംപറന്പത്ത് (സീറോ മലങ്കര ചാപ്ലെയിൻ, കൊളോണ്‍ അതിരൂപത), ഫാ.പോൾ മാത്യു ഒഐസി (ആഹൻ രൂപത), ഫാ.വിജു വാരിക്കാട്ട്(ട്രിയർ രൂപത), ഫാ.പോൾ പി.ജോർജ് (വികാരി, മലങ്കര സിറിയൻ യാക്കോബായ കമ്യൂണിറ്റി, ഫ്രാങ്ക്ഫർട്ട്) എന്നിവർ സഹകാർമ്മികരായിരുന്നു.

ബ്രദർ അലക്സ് പീടികയിലിന്‍റെ (വൈദിക സെമിനാരി ഐഷ്സ്റ്റഡ്റ്റ്) നേതൃത്വത്തിലുള്ള ഗായക സംഘത്തിന്‍റെ ഗാനശുശ്രൂഷ സമൂഹബലിയെ ഭക്തിസാന്ദ്രമാക്കി.

നേരത്തെ ദേവാലയാങ്കണത്തിൽ എത്തിയ ബിഷപ്പുമാരേയും വൈദികരെയും ശുശ്രൂഷി സംഘത്തെയും കത്തിച്ച മെഴുതിരികളുടെയും താലപ്പൊലിയേന്തിയ കുട്ടികളുടെയും വനിതകളുടെയും അകന്പടിയോടെയാണ് അൾത്താരയിലേയ്ക്ക് ആനയിച്ചത്.

സിനഡ് കമ്മീഷൻ അംഗം ജോർജ് മുണ്ടേത്ത് സ്വാഗതം ആശംസിച്ചു. ജർമനിയിലെ ബിഷപ് കോണ്‍ഫറൻസിന്‍റെ അനുവാദത്തോടെ ജർമനിയിലെ മലങ്കര കത്തോലിക്കരുടെ ക്രേഫെൽഡ് ഇടവകയുടെ ചാപ്ളെയിനായി ഫാ.പോൾ മാത്യുവിനെയും, ഹെർണെ/ഡോർട്ട്മുണ്ട് ഇടവകയുടെ ചാപ്ളെനായി മ്യൂൻസ്റ്റർ രൂപതയും പാഡർബോണ്‍ അതിരൂപതയും കൂടി ഫാ.ജേക്കബ് വാഴക്കുന്നത്തിനെയും നിയമിച്ചുകൊണ്ടുള്ള കൽപ്പന ബിഷപ് ഡോ.ജോസഫ് മാർ തോമസ് വായിച്ചതിനു പുറമെ ജർമൻ ബിഷപ് കോണ്‍ഫൻസിലെ റീത്തുകളുടെ ചുമതലക്കാരനായ പാഡർബോണ്‍ അതിരൂപത സഹായമെത്രാൻ ഡോ. ഡൊമിനിക്കൂസ് മയർ ഒഎസിബിയെ മലങ്കര സമൂഹത്തിന്‍റെ നന്ദി അറിയിച്ചു.

ദിവ്യബലിക്കു ശേഷം പാരീഷ് ഹാളിൽ പുനരൈക്യ വാർഷിക സമ്മേളനം ബിഷപ്പുമാരും അതിഥികളും ചേർന്ന് തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. ഫാ.സന്തോഷ് തോമസ് സ്വാഗതം ആശംസിച്ചു. ഡോ.ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു. ഡോ.ലൂക്കാസ് ഷ്രെബർ ജർമൻ ബിഷപ്പ് കോണ്‍ഫറൻസിനെ പ്രതിനിധീകരിച്ച് വിദേശികളുടെ ആധ്യാൽമിക കാര്യങ്ങളുടെ ചുമതലയുള്ള നാഷണൽ ഡയറക്ടർ), അലക്സാന്ദ്ര ഷൂമാൻ (റെഫറന്‍റിൻ, ലിംബുർഗ് രൂപത), ക്രിസ്റ്റ്യാൻ ഹൈൻസ് എംഎൽഎ, കെറി റാഡിംഗ്ടണ്‍ (ഫ്രാങ്ക്ഫർട്ട് നഗരസഭ), ക്ളൗസ് ക്ളിപ്പ്(ചെയർമാൻ, യൂറോപ്പ് യൂണിയൻ ഫ്രാങ്ക്ഫർട്ട്), ഫാ. പോൾ. പി. ജോർജ് എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

സബീന പുലിപ്ര, ജോമോൻ ചെറിയാൻ എന്നിവരുടെ ഗാനാലാപനം, അബില മാങ്കളം, നിയ, ദിവ്യ എന്നിവരുടെ നൃത്തം, സിസ്റ്റേഴ്സിന്‍റെ പാപ്പാ മംഗളം തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. പാസ്റ്ററൽ കൗണ്‍സിൽ വൈസ് പ്രസിഡന്‍റ് അനൂപ് മുണ്ടേത്ത് നന്ദി പറഞ്ഞു. സബീനെ പുലിപ്ര, ഡോ.അന്പിളി മുണ്ടേത്ത് എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു.സൈമണ്‍ കൈപ്പള്ളിമണ്ണിൽ ശബ്ദസാങ്കേതികം കൈകാര്യം ചെയ്തു.

പരിപാടികൾക്ക് ശേഷം പാരീഷ്ഹാളിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മലങ്കരസഭാ വിശ്വാസികളെ കൂടാതെ സിസ്റ്റേഴ്സ്, വൈദികർ, മറ്റു വിശ്വാസികളും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജർമനിയിലെ മലങ്കരസഭയുടെ ഫ്രാങ്ക്ഫർട്ട്/മൈൻസ് മിഷൻ യൂണിറ്റിന്‍റെ ആതിഥേയത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ