സാന്തോം ബൈബിൾ കൺവൻഷൻ നവംബർ 8, 9, 10 തീയതികളിൽ
Wednesday, November 6, 2019 5:57 PM IST
ന്യൂഡൽഹി: ഡൽഹി മലയാളികൾക്കായി എല്ലാ വർഷവും നടത്തിവരാറുള്ള സാന്തോം
ബൈബിൾ കൺവൻഷൻ-2019 ന് ഐഎൻഎ ത്യാഗരാജ് സ്റ്റേഡിയത്തിൽ
നവംബർ 8ന് തിരി തെളിയും. 8,9,10 (വെള്ളി, ശനി, ഞായർ) തീയതികളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ് കൺവൻഷൻ. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ജോയ്
ചെമ്പകശേരി ഒഎസ്‌ബി യും ടീമുമാണ് കൺവൻഷന് നേതൃത്വം നൽകുന്നത്.

ഇന്നു വൈകുന്നേരം 7 ന് ഐഎൻ.എ ത്യാഗരാജ് സ്റ്റേഡിയത്തിൽ കൺവൻഷന്‍റെ വിവിധ
കമ്മിറ്റികൾ ഏകോപിപ്പിച്ചുള്ള യോഗം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ
അറിയിച്ചു.

8 നു നടക്കുന്ന സമൂഹബലിക്ക് രൂപത വികാരി ജനറാളും കൂരിയ
അംഗങ്ങളും നേതൃത്വം നൽകും. 9 നു നടക്കുന്ന വിശുദ്ധ കുർബാനക്ക് നേതൃത്വം
നൽകുന്നത് ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയും രൂപതയിലെ നവവൈദികരുമാണ്. പ്രധാന കൺവൻഷൻ ദിനമായ
10 ന് രൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന മാർ
ജോസ്‌ പുത്തൻവീട്ടിലിന്‍റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ
ബലിയിൽ രൂപതയിലെ എല്ലാ ഫൊറോനാ വികാരിമാരും ആലോചനസമിതി
അംഗങ്ങളും വിവിധ സന്യാസ സമൂഹങ്ങളുടെ പ്രൊവിൻഷ്യൽമാരും
സഹകാർമികരാകും.

വചന ശുശൂഷ, വിവിധ വിടുതൽ ശുശ്രൂഷകൾ, രോഗശാന്തി ശുശൂഷ, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ജപമാല എന്നിവ ഭക്തിനിർഭരമായി നടത്തപ്പെടുന്ന കൺവൻഷനിൽ
രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനായിരങ്ങൾ പങ്കെടുക്കും.

ഡൽഹി മെട്രോയുടെ യെല്ലോ ലൈനിൽ ഐഎൻഎ സ്റ്റേഷനിൽ ഇറങ്ങി ഇ-
റിക്ഷയിൽ സഞ്ചരിച്ചാൽ ത്യാഗരാജ് സ്റ്റേഡിയത്തിൽ എത്താവുന്നതാണ്.
സ്റ്റേഡിയത്തിൽ വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

കൺവൻഷൻ ജനറൽ കൺവീനർ ഫാ. മാർട്ടിൻ പാലമറ്റത്തിന്‍റെ
നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ധ്യാനത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

അവസാനദിനമായ ഞായർ വൈകുന്നേരം 4 ന് രൂപതയുടെ നിയുക്ത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിന് സ്വീകരണം നൽകും. തുടർന്നു നടക്കുന്ന അനുമോദനയോഗത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അപ്പസ്റ്റോലിക് ന്യുൺഷ്യോ ജിയാംബാത്തിസ്ഥ ഡിക്വത്രോ,
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മെത്രാന്മാർ, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വൈദിക സന്യസ്ത അല്‌മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്