പത്താമത് സാന്തോം ബൈബിൾ കൺവൻഷനു ഡൽഹിയിൽ തുടക്കമായി
Friday, November 8, 2019 8:26 PM IST
ന്യൂഡൽഹി: പത്താമത് സാന്തോം ബൈബിൾ കൺവൻഷനു ഡൽഹിയിലെ ഐഎൻഎ ത്യാഗരാജ് സ്റ്റേഡിയത്തിൽ തുടക്കമായി. ഡൽഹി-ഭരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കൺവൻഷന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജോയ് ചെമ്പകശേരി നേതൃത്വം നൽകുന്ന ധ്യാനം ദൈവജനത്തിന് പുത്തൻ ആത്മീയ ഉണർവിനു പ്രേരകമായി.

തുടർന്നു നടന്ന വചന പ്രഘോഷണത്തിലും ആത്മീയ ശുശ്രൂഷകളിലും ആയിരങ്ങൾ പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്ക് രൂപത വികാരി ജനറൽ മോൺ. ജോസ് വെട്ടിക്കലും കൂരിയാ അംഗങ്ങളും കാർമികത്വം വഹിച്ചു. തുടർന്നു സിസ്റ്റർ വിനീത വചനപ്രഘോഷണം നയിച്ചു. ദിവ്യകാരുണ്യ ആരാധനയോടെ ആദ്യദിവസത്തെ ധ്യാനം സമാപിച്ചു.

ശനിയാഴ്ച നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് രൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിക്കും. രൂപതയിലെ നവവൈദികർ സഹകാർമികരായിരിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. 2.30 ന് റിട്ട. സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് വചനസന്ദേശം നൽകും.

പ്രധാന കൺവൻഷൻ ദിനമായ ഞായറാഴ്ച രൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന മാർ ജോസ് പുത്തൻവീട്ടിലിന്‍റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്