ആന്‍ഡ്രൂ രാജകുമാരന്‍ രാജകീയ ചുമതലകള്‍ ഒഴിയുന്നു
Thursday, November 21, 2019 9:52 PM IST
ലണ്ടന്‍: ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ രാജകീയ ചുമതലകള്‍ ഒഴിയാന്‍ എലിസബത്ത് രാജ്ഞിയുടെ അനുമതി തേടി. ജെഫ്രി എപ്സ്ററീന്‍ വിവാദം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം.

യുഎസ് ഫിനാന്‍സറായ എപ്സ്ററീന്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന വിവാദം പുറത്തുവന്നതോടെയാണ് ആന്‍ഡ്രൂ രാജകുമാരന്‍ പ്രതിരോധത്തിലായത്. രാജകുമാരന്‍റെ അടുത്ത സുഹൃത്താണ് എപ്സ്ററീന്‍.

ബിടി, ബാര്‍ക്ളേയ്സ് തുടങ്ങി ഇദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന കമ്പനികളും യൂണിവേഴ്സിറ്റികളും സന്നദ്ധ സംഘടനകളും മറ്റും വിവാദത്തെത്തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു മാറി നില്‍ക്കുകയായിരുന്നു.

മാസങ്ങളോളം വിവാദം നേരിട്ട യോര്‍ക്കിലെ ഡ്യൂക്ക് ഒടുവില്‍ ഇതില്‍ നിന്നു മോചനം തേടിയാണ് രാജകീയ ചുമതലകള്‍ ഒഴിയുന്നത്. ആരോപണവിധേയനായ എപ്സ്ററീനാകട്ടെ കഴിഞ്ഞ ഓഗസ്റ്റില്‍ ജീവനൊടുക്കുകയും ചെയ്തിരുന്നു.

എപ്സ്ററീന്‍റെ ഇരകളിലൊരാളായ വിര്‍ജീനിയ ജ്യോഫ്രി താന്‍ മൂന്നു വട്ടം രാജകുമാരനുമായി ലൈംഗിക വേഴ്ച നടത്താന്‍ നിര്‍ബന്ധിതയായിരുന്നു എന്നും വെളിപ്പെടുത്തിയിരുന്നു. ഇതു രാജകുമാരന്‍ നിഷേധിക്കുകയും ചെയ്തിരുന്നതാണ്.

ചുമതലകള്‍ ഒഴിയാനുള്ള രാജകുമാരന്‍റെ തീരുമാനം വ്യക്തിപരമാണെന്നും അതെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തി വരുകയാണെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ