ഡൽഹിയിലെ വിവിധ ദേവാലയങ്ങളിൽ ക്രൈസ്തവർ തിരുപ്പിറവി ആഘോഷിച്ചു
Thursday, December 26, 2019 6:54 PM IST
ന്യൂഡൽഹി: കൊടും ശൈത്യത്തെ അവഗണിച്ചു ഡിസംബർ 24 നു നൂറുകണക്കിനു വിശ്വാസികൾ ഡൽഹിയിലെ വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങളിൽ പങ്കെടുത്തു. വീടുകൾ തോറും കരോൾ നടത്തിയും ദേവാലയങ്ങൾ അലങ്കരിച്ചും പുൽക്കൂടുകൾ നിർമിച്ചും കേക്ക് വിതരണം ചെയ്‌തും വിശ്വാസികൾ ഉണ്ണിയേശുവിനെ വരവേറ്റു. ദേവാലയങ്ങളിൽ കരോൾ സിംഗിംഗ് , തിരുപ്പിറവി കർമങ്ങൾ , വിശുദ്ധ കുർബാന , കേക്ക് വിതരണം എന്നിവയും നടന്നു. 25 നു രാവിലെയും ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരുന്നു.

ഫരീദാബാദ് രൂപതയുടെ വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ നടന്നു. 24 നു വൈകുന്നേരം 6 നു കരോൾബാഗ് സെന്‍റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിലെ ശുശ്രൂഷകൾക്കു ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ജനറൽ മോൺ. ജോസ് വെട്ടിക്കൽ സഹകാർമികനായിരുന്നു.

രാത്രി 7.30 ന് ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് ഫരീദാബാദ് രൂപത സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു . ഫാ. പോൾ രാജ് കൊടിയൻ സഹ കാർമികനായിരുന്നു.

ആർ കെ പുരം സെന്‍റ് പീറ്റേഴ്സ് പള്ളിയിൽ ഫാ. പയസ് മലേകണ്ടത്തിലും നോയിഡ സെന്‍റ് അൽഫോൻസാ പള്ളിയിൽ ഫാ. ജിന്‍റോയും ലദോസറായി ലിറ്റിൽ ഫ്ലവർ പള്ളിയിൽ ഫാ.ജോസ് കണ്ണുംകുഴിയും ജസോല ഫാത്തിമ മാതാ പള്ളിയിൽ ഫാ. ജൂലിയസ് ജോബും
കിംഗ്സ്‌വേ ക്യാമ്പ് ബ്ലെസഡ് സാക്രമെന്‍റ് പള്ളിയിൽ ഫാ. ജെയ്സൺ കല്ലുപാലവും
ആയാ നഗർ സെന്‍റ് മേരീസ് പള്ളിയിൽ ഫാ. ജോസഫ് ചുനയമാക്കലും കാർമികത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്