മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് പുടിന്‍ ~ മെര്‍ക്കല്‍ കൂടിക്കാഴ്ച
Monday, January 13, 2020 10:38 PM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള സൗഹൃദം പ്രസിദ്ധമാണ്. കെജിബിയില്‍ ജോലി ചെയ്യുന്ന കാലത്ത് ജര്‍മനിയിലുണ്ടായിരുന്ന പുടിന്‍ ജര്‍മന്‍ ഭാഷയിലും പ്രാവീണ്യമുള്ളയാളാണ്. മേഖലയെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും പുടിനെ അനുനയിപ്പിക്കാനുള്ള ചുമതല മെര്‍ക്കല്‍ സ്വയം ഏറ്റെടുക്കാറുള്ളതും ഇതൊക്കെക്കൊണ്ടു തന്നെ.

ഇപ്പോള്‍ ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം മധ്യപൂര്‍വേഷ്യയുടെ സമാധാനം കെടുത്തുമ്പോഴും മെര്‍ക്കല്‍ തെരഞ്ഞെടുത്തത് പുടിനുമായുള്ള സംഭാഷണത്തിന്‍റെ വഴി. മധ്യപൂര്‍വേഷ്യന്‍ വിഷയങ്ങളിലും അമെരിക്കയ്ക്ക് എതിരായി നില്‍ക്കുന്ന ഏതു വിഷയത്തിലും ഇന്നു റഷ്യയുടെയും പുടിന്‍റേയും പങ്ക് നിര്‍ണായകമാണ്. ഇറാന്‍റേയും സിറിയയുടെയും പ്രസിഡന്‍റുമാര്‍ക്ക് റഷ്യ ഏറ്റവുമടുത്ത സഖ്യകക്ഷിയാണ്, അമേരിക്ക ശത്രുവും.

അമേരിക്കയ്ക്കു നേര്‍ക്കു നേര്‍ നില്‍ക്കുന്നത് എവിടെയായാലും ഡോണള്‍ഡ് ട്രംപിനോ അമേരിക്കയ്ക്ക് ആകമാനമോ ലഭിക്കാറുള്ളതു പോലെ യുദ്ധക്കൊതിയുള്ളവര്‍ എന്ന പേര് റഷ്യയ്ക്കോ തനിക്കോ വന്നു ചേരാതിരിക്കാനുള്ള നൈപുണ്യവും പുടിന്‍ പ്രകടിപ്പിക്കുന്നു. സമാധാനദൂതന്‍ എന്ന നിലയിലാണ് എവിടത്തെയും അവതാരം.

മെര്‍ക്കലും പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലും സംഘര്‍ഷത്തിനു അയവു വരുത്താന്‍ ശേഷിയുള്ള നേതാവ് എന്ന നിലയിലാണ് പുടിനെ പരിഗണിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍, ഇറാന്‍റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ച നടപടിയെ അപലപിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍