ഗ്രീസിന് ആദ്യ വനിതാ പ്രസിഡന്‍റ്
Friday, January 24, 2020 10:16 PM IST
ഏഥൻസ്: ചരിത്രത്തിലാദ്യമായി ഗ്രീസിന് വനിതാ പ്രസിഡന്‍റ്. മുതിര്‍ന്ന ജഡ്ജിയും പരിസ്ഥിതി, ഭരണഘടന വിദഗ്ധയുമായ കത്രീന സകെല്ലറപൗലോയാണ് രാജ്യത്തിന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

261 അംഗങ്ങള്‍ കത്രീനക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയതായി പാര്‍ലമെന്‍റ് തലവന്‍ കോസ്റ്റസ് തസ്സൗലസ് പറഞ്ഞു. നിലവില്‍ രാജ്യത്തെ പ്രധാന കോടതിയായ സ്റ്റേറ്റ് കൗണ്‍സിലിന്‍റെ അധ്യക്ഷയായ കത്രീന, മാര്‍ച്ച് 13ന് ചുമതലയേല്‍ക്കും.

സ്റ്റേറ്റ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് 63 കാരിയായ കത്രീന. സുപ്രീംകോടതി ജഡ്ജിയുടെ മകളായ കത്രീന, ഫ്രാന്‍സിലെ സോര്‍ബോണ്‍ വാഴ്സിറ്റിയിലാണ് പഠിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളവേലിൽ