വടക്കിന്‍റെ മഞ്ഞിനിക്കരയിൽ പെരുന്നാളിനും തീർഥയാത്രക്കും ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, January 28, 2020 9:46 PM IST
ന്യൂഡൽഹി: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ 88-മത് ദുഖ്റോനോ പെരുന്നാൾ രാജ്യതലസ്ഥാനത്തു ആ പുണ്യവാന്‍റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ചത്തർപൂർ സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഫെബ്രുവരി 1, 2, (ശനി, ഞായർ) തിയതികളിൽ ആഘോഷിക്കുന്നു.

ശനി വൈകിട്ട് 5.30ന് പെരുന്നാളിന് കൊടിയേറും. 6.30ന് സന്ധ്യാപ്രാർത്ഥനയും ആശിർവാദവും നടക്കും.

ഞായർ രാവിലെ 11 ന് ഗോൾഡാക്ഖാന സെന്‍റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അഫ്രേം ആശീർവദിച്ചു ആരംഭിക്കുന്ന തീർഥയാത്ര പട്ടേൽ ചൗക്ക്, അശോകാ റോഡ്, ജൻപഥ്, പൃഥിരാജ് റോഡ്, INA, ഹൗസ് ഖാസ്, P T S, കുത്തബ്മിനാർ വഴി വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഛത്തർപൂർ ടിവോളി ഗാർഡനു സമീപമെത്തുമ്പോൾ സെന്‍റ് ഗ്രിഗോറിയോസ് ഇടവക തീർഥയാത്രയെ സ്വീകരിച്ച് ഛത്തർപൂർ ദേവാലയത്തിൽ എത്തിച്ചേരും.

ഫാ. സജി വർഗീസ് തീർത്ഥയാത്ര കൺവീനറായി മേൽനോട്ടം വഹിച്ചു ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് അറിയിച്ചു.

വൈകുന്നേരം 5.30നു നടക്കുന്ന സന്ധ്യാപ്രാർഥനക്കും വിശുദ്ധ മൂന്നിൻമേൽ കുർബാനക്കും മാത്യൂസ് മോർ അഫ്രേം പ്രധാന കാർമികത്വം വഹിക്കും. ഡൽഹി ഭദാസനത്തിലെ വിവിധ ദേവാലയങ്ങളിലെ കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർ സഹകാർമികരായിരിക്കും. ‌