കുടുംബ കൂട്ടായ്മകളാണ് ഇടവകയുടെ മുതൽക്കൂട്ട്: മാർ ജോസ് പുത്തൻവീട്ടിൽ
Friday, February 7, 2020 6:23 PM IST
ന്യൂഡൽഹി: ഇടവകയുടെ മുതൽക്കൂട്ട് കുടുംബകൂട്ടായ്മകളാണെന്നും ഈ കൂട്ടായ്മകൾ വളരുന്നതിലൂടെ കുട്ടികൾക്കും യുവജനങ്ങൾക്കും സമൂഹത്തിൽ നന്മകൾ ചെയ്യാനുള്ള നല്ല മനസ് കൈവരിക്കാൻ സാധിക്കുമെന്നും ഫരീദാബാദ്-ഡൽഹി രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ. ദിൽഷാദ് ഗാർഡൻ വിശുദ്ധ ഫ്രാൻസിസ് അസീസി ഫൊറാന ഇടവകയിലെ ഇടവക ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ ദേവാലയം കൂദാശ ചെയ്തതിനുശേഷം ആദ്യമായി നടന്ന തിരുനാളിനോടനുബന്ധിച്ചു ഫെബ്രുവരി ഒന്നിനാണ് ഇടവക ദിനം ആഘോഷിച്ചത്.

രൂപതയുടെ സഹായമെത്രാനായി ചാർജെടുത്തതിനുശേഷം ആദ്യമായി ദിൽഷാദ് ഗാർഡൻ ഫൊറാന സന്ദർശിച്ച മാർ ജോസ് പുത്തൻവീട്ടിലിനെ കൈക്കാരന്മാരായ എൻ.ആർ. വർഗീസ്, ഇ.വി. പൗലോസ്, വികാരി ഫാ. മാർട്ടിൻ പാലമറ്റം എന്നിവർ ചേർന്ന് ഇടവകയുടെ സ്നേഹോപകരം നൽകി ആദരിച്ചു. തുടർന്നു ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും ലോഗോസ് ക്വിസിൽ റാങ്കുകൾ നേടിയവർക്കുള്ള സമ്മാനവിതരണവും നടന്നു.