ഇറ്റലിയില്‍ രോഗബാധയും മരണസംഖ്യയും വീണ്ടും ഉയർന്നു
Saturday, March 28, 2020 9:12 AM IST
റോം: നാലു ദിവസത്തെ നേരിയ ആശ്വാസത്തിനു ശേഷം ഇറ്റലിയില്‍ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും വീണ്ടും വര്‍ധന. തുടര്‍ച്ചയായി നാലു ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ വര്‍ധന. നാലു ദിവസത്തില്‍ മൂന്നു ദിവസവും മരണസംഖ്യയിലും കുറവ് വന്നിരുന്നു.

എന്നാല്‍, വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 712 പേര്‍ മരിച്ചു. ബുധനാഴ്ച 683 ആയിരുന്നു മരണസംഖ്യ. പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 6153 പേര്‍ക്കാണ്. വ്യാഴാഴ്ചത്തേതിനെ അപേക്ഷിച്ച് ആയിരത്തോളം പേർ കൂടുതലാണിത്.

രാജ്യത്താകെ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8215 ഉം രോഗബാധിതരുടെ എണ്ണം 80,500 പിന്നിടുകയും ചെയ്തു. നിലവില്‍, രോഗബാധിതരില്‍ പത്തു ശതമാനം പേര്‍ മരിക്കുന്നു എന്നാണ് കണക്കാക്കുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കിന്‍റെ പലമടങ്ങ് വരും എന്നതിനാല്‍ മരണനിരക്കിന്‍റെ ഈ കണക്ക് ശരിയല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരുന്ന ലൊംബാര്‍ഡിയില്‍ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുത്തനെ കുറയുന്നുണ്ട്. തെക്കന്‍ പ്രദേശങ്ങളില്‍ കൂടുതലാളുകള്‍ രോഗബാധിതരാകുന്നതും മരിക്കുന്നതുമാണ് കണക്കുകള്‍ ഇപ്പോഴും ഉയര്‍ത്തി നിര്‍ത്തുന്നത്. ഈ പ്രതിഭാസം അധികൃതരുടെ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ