ആരാധനയ്ക്കും ആതുര സേവനത്തിനും സ്വന്തം ഭവനം വിട്ടുനൽകിയ വൈദികൻ
Sunday, May 3, 2020 1:08 PM IST
ബംഗളൂരു: കോവിഡ് കാലയളവിൽ ദേവാലയങ്ങളിൽ ആരാധന നടത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ തന്‍റെ സ്വന്തം ഭവനം ആരാധനയ്ക്കും ആതുരസേവനത്തിനും വിട്ടു നൽകി വേറിട്ടൊരു മാതൃക കാട്ടുകയാണ് യാക്കാബോയ ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറിയും അനുഗ്രഹ മിഷൻ ഡയറക്ടറുമായ ഫാ. ജോൺ ഐപ്പ്.

അൾത്താരയിൽ ശുശ്രൂഷ ചെയ്യുന്ന സ്വന്തം മക്കളുടെ സഹോയത്തോടെ ആഴ്ചയിൽ മൂന്നു ദിവസം കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചാണ് ഫാ. ജോൺ ഐപ്പ് മറ്റുള്ളവർക്ക് മാതൃകയാകുന്നത്.

2009 ൽ ബംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ച അനുഗ്രഹ മിഷൻ, ലോക്ക് ഡൗണിൽ കോത്തന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലേബർ ക്യാന്പുകളിലും മറ്റു ഏഴ് ഗ്രാമപ്രദേശങ്ങളിലുമായി 700 ൽ പരം ആളുകൾക്ക് ഉച്ചഭക്ഷണം നൽകുന്നതോടൊപ്പം അരി, ആട്ട, പരിപ്പ്, പച്ചക്കറി, മസാലപൊടികൾ, പാൽ, മുട്ട, സോപ്പ തുടങ്ങിയവ അവശ്യവസ്തുക്കടങ്ങിയ 150 ൽ പരം കിറ്റുകളും മാസ്കുകളും വിതരണം ചെയ്തു.

17 ലക്ഷം രൂപയോളം ചെലവഴിച്ച് കഴിഞ്ഞ 15 വർഷങ്ങളായി ആതുരസേവനരംഗത്ത് തന്നാലാവുന്ന പ്രവർത്തനങ്ങൾ ചെയ്യുന്ന ഫാ. ജോൺ ഐപ്പ്, വൃദ്ധ സദനങ്ങളിലും അനാഥായങ്ങളിലും ഭിന്നശേഷിയുള്ളവരുടേയും എച്ച്ഐവി ബാധിതരുടേയും പുനരധിവാസ കേന്ദ്രങ്ങളിലും ആഴ്ചയിൽ 2 ദിവസം സൗജന്യമായി ഭക്ഷണം എത്തിക്കുന്നതും ചികിത്സാ സംബന്ധമായും വിദ്യാഭ്യാസത്തിനും ജോലി സംബന്ധമായ കാര്യങ്ങൾക്കും ബംഗളുരൂവിലേക്ക് വരുന്നവർക്ക് സൗജന്യ താമസ സൗകര്യവും നിർധനരായ രോഗികൾക്ക് ചികിത്സാ സഹായവും വിദ്യാഭ്യാസത്തിനും ഭവനനിർമാണത്തിനും സാന്പത്തിക സഹായങ്ങളും ചെയ്തുവരുന്നു.