മെൽബണ്‍ സീറോ മലബാർ രൂപതയെ പരിശുദ്ധ കന്യാ മറിയത്തിന്‍റെ വിമലഹൃദയത്തിന് സമർപ്പിക്കും: ബിഷപ് ബോസ്കോ പുത്തൂർ
Saturday, May 23, 2020 7:42 PM IST
മെൽബണ്‍: ഓസ്ട്രേലിയായുടെ സ്വർഗീയ മധ്യസ്ഥയായ ക്രിസ്താനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുനാൾ ദിനമായ മേയ് 24നു (ഞായർ), ഓസ്ട്രേലിയായിലെ മുഴുവൻ കത്തോലിക്കാവിശ്വാസികളോടൊപ്പം ഓസ്ട്രേലിയ രാജ്യത്തേയും മെൽബണ്‍ സീറോ മലബാർ രൂപതയേയും രൂപതയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുമെന്ന് ബിഷപ് ബോസ്കോ പുത്തൂർ, രൂപത സമുഹത്തിനായി തയാറാക്കിയ പ്രത്യേക സർക്കുലറിലൂടെ അറിയിച്ചു.

കൊറോണ മഹാമാരി മൂലം രോഗികളായവരെയും രോഗത്തിന്‍റെ ആശങ്കയിൽ ഒറ്റപ്പെട്ട് കഴിയുന്നവരെയും തൊഴിൽ നഷ്ടപ്പെട്ടവരെയും സാന്പത്തികക്ലേശം അനുഭവിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർഥിക്കാൻ പിതാവ് ആഹ്വാനം ചെയ്തു.

മേയ് 24നു രാവിലെ 10 നും വൈകുന്നേരം 5 നും രൂപതാ കാര്യാലയത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾക്കുശേഷം ഓസ്ട്രേലിയ രാജ്യത്തേയും രൂപതയെയും എല്ലാ ഇടവകകളെയും പരിശുദ്ധ അമ്മക്ക് പ്രതിഷ്ഠിക്കുന്ന ശുശ്രൂഷകൾക്ക് മാർ ബോസ്കോ പുത്തൂർ നേതൃത്വം നൽകും. രാവിലെയും വൈകുന്നേരവുമുള്ള വിശുദ്ധ കുർബാനയും പ്രതിഷ്ഠാ കർമവും ശാലോം ടെലിവിഷൻ ചാനലിലും രൂപതയുടെയും ശാലോം ഓസ്ട്രേലിയയുടെയും വെബ്സൈറ്റിലും ഫേസ്ബുക്ക് പേജുകളിലും തത്സമയം സംപ്രേഷണം ചെയ്യും. മെൽബണ്‍ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും ഓണ്‍ലൈൻ കുർബാനകൾക്കുശേഷം വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ പ്രതിഷ്ഠാകർമങ്ങൾ നടത്തും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ