സംസ്ഥാന സ്കൂൾ കായികമേള: കീർത്തി സുരേഷ് ഗുഡ്വില് അംബാസഡർ
Thursday, October 16, 2025 12:10 AM IST
തിരുവനന്തപുരം: തെന്നിന്ത്യൻ നടിയും മലയാളിയുമായ കീർത്തി സുരേഷ് സംസ്ഥാന സ്കൂൾ കായികമേളയുടെ ഗുഡ്വിൽ അംബാസഡറാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 12 സ്റ്റേഡിയങ്ങളിലായി നടക്കുന്ന കായികമേളയുടെ ഉദ്ഘാടനം 21ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരത്ത് പിആർ ചേംബറില്‍ നടന്ന വാർത്താസമ്മേളനത്തില്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതില്‍ പ്രധാന വേദിയായ സെൻട്രല്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി വരുന്നു. രണ്ടു ദിവസമായി പെയ്യുന്ന മഴ മുന്നൊരുക്കങ്ങൾ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നും എന്നാൽ സമയത്ത് പണി പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
വടംവലി ഉള്‍പ്പെടെയുള്ള 12 മത്സരങ്ങളാണ് സെൻട്രല്‍ സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. അത്ലറ്റിക്സ് മത്സരങ്ങള്‍ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും ത്രോ ഇവന്റ്സ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും നടക്കും.
മത്സരങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളുടെ പർച്ചേസ് നടപടി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളുടെയും ഒഫീഷ്യല്‍സിന്റെയും, താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് താമസിക്കുന്നതിനായി എഴുപതോളം സ്കൂളുകളും അവർക്ക് സഞ്ചരിക്കുന്നതിനായി ബസുകളും ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണത്തിനായി പുത്തരിക്കണ്ടത്ത് ഉള്‍പ്പടെ അഞ്ച് അടുക്കളകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2,500 പേർക്ക് ഇരുന്ന് കഴിക്കാൻ പാകത്തിന് പന്തൽ ഒരുക്കുന്നുണ്ട്.
സമാപന സമ്മേളനവും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4,500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4,000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഭിന്നശേഷി കുട്ടികളുടെയും വിദേശത്തുള്ള കുട്ടികളുടെയും ഓണ്‍ലൈൻ എൻട്രി പൂർത്തിയായി വരുന്നു. വിദേശത്തുള്ള കുട്ടികളുടെ കോർഡിനേഷന്‍ വേണ്ടി അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ഇന്ന് രാവിലെ എട്ടിന് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. 21ന് തിരുവനന്തപുരത്ത് സമാപിക്കും.