പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം "വെര്‍ച്വല്‍' ആകും
Monday, June 1, 2020 8:11 PM IST
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിവുള്ള 18 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ് ജൂൺ 19 നു നടക്കും. മാര്‍ച്ച് 26ന് നടത്താന്‍ നിശ്ചയിച്ച ശേഷം കോവിഡിനെ തുടര്‍ന്നു മാറ്റിവച്ച തെരഞ്ഞെടുപ്പാണിത്. ഗുജറാത്ത്, ആന്ധ്രപ്രദേശ് (നാല് വീതം), മധ്യപ്രദേശ്, രാജസ്ഥാന്‍ (മൂന്ന് വീതം), ജാര്‍ഖണ്ഡ് (രണ്ട്), മണിപ്പൂര്‍, മേഘാലയ (ഒന്നു വീതം) സംസ്ഥാനങ്ങളിലാണ് ജൂണ്‍ 19ന് വോട്ടെടുപ്പു നടത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. ആകെ 55 സീറ്റുകളിലേക്കു പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പില്‍ 37 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതേസമയം, പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഓണ്‍ലൈനായി വൈകാതെ നടത്തും. രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണു വെര്‍ച്വല്‍ സമ്മേളനമെങ്കിലും ചേരാന്‍ തീരുമാനിച്ചത്. കോവിഡ് രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാലും സാമൂഹിക അകലവും ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാത്തതിനാല്‍ കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിനാല്‍ പതിവുപോലെ പാര്‍ലമെന്‍റ് ഹാളിലുള്ള സമ്മേളനം പ്രയാസമായേക്കുമെന്നാണു ഇന്നലത്തെ പൊതുവായ വിലയിരുത്തല്‍.

കോവിഡിനെ തുടര്‍ന്നു പാര്‍ലമെന്‍റ് സമ്മേളനം ഓണ്‍ലൈനില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തണമോ, ലോക്‌സഭയും രാജ്യസഭയും ഒന്നിടവിട്ട ദിവസങ്ങളില്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍ തന്നെ ചേരണമോ എന്നതു സംബന്ധിച്ചാണു ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്. പ്രശ്‌നം പാര്‍ലമെന്‍ററി ചട്ടങ്ങള്‍ക്കായുള്ള റൂള്‍സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാന്‍ ഇരുസഭകളുടെ അധ്യക്ഷന്മാരുടെ യോഗം തീരുമാനിച്ചു. പാര്‍ലമെന്‍ററികാര്യത്തിനായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിലാകും അവസാന തീരുമാനമെടുക്കുക.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നാളെ ഡല്‍ഹിയില്‍ ചേരാനിരുന്ന യോഗം മാറ്റിവച്ചു. ഡല്‍ഹിയിലെത്തി യോഗത്തില്‍ പങ്കെടുക്കാനുള്ള പ്രയാസം ചില അംഗങ്ങള്‍ അറിയിച്ചതിനാലാണു യോഗം മാറ്റിയതെന്നു സമിതി അധ്യക്ഷന്‍ ആനന്ദ് ശര്‍മ വിശദീകരിച്ചു.

ലോക്‌സഭയും രാജ്യസഭയും എംപിമാരുടെ അകലം പാലിച്ചു പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്തുന്നതിനെക്കുറിച്ചായിരുന്നു കഴിഞ്ഞ 27ന് നായിഡും ബിര്‍ലയും യോഗം ചേര്‍ന്ന് ആലോചിച്ചത്. എന്നാല്‍ ഇത്തരമൊരു സമ്മേളനത്തിന് കോവിഡിന്റെ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വളരെയേറെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍, എംപിമാര്‍, പത്രലേഖകര്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ വിമാന, ട്രെയിന്‍ യാത്രകളും ഡല്‍ഹിയിലെ താമസവും അടക്കമുള്ളവ രോഗവ്യാപനത്തിലേക്കു വഴിതെളിച്ചാല്‍ അതു കൂടുതല്‍ പ്രതിസന്ധിയാകും.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണു സാധാരണ പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനം നടത്തുക. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു രണ്ടു ദിവസം മുമ്പായി മാര്‍ച്ച് 23ന് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി നേരത്തെ പിരിഞ്ഞിരുന്നു.

ഇതിനിടെ, തോമസ് ചാണ്ടിയുടെയും വിജയന്‍ പിള്ളയുടെയും മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന കേരളത്തിലെ കുട്ടനാട്, ചവറ അടക്കമുള്ള മറ്റ് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇന്നലെ മൗനം പാലിച്ചു. നിയമസഭയുടെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കുന്നതിനാല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഈ ഉപതെരഞ്ഞെടുപ്പുകള്‍ ഇനി ഉണ്ടായേക്കില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ രണ്ടില ചിഹ്നം സംബന്ധിച്ച കേസില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അന്തിമ തീരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പി.ജെ. ജോസഫും ജോസ് കെ. മാണിയും നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ അംഗീകാരം സംബന്ധിച്ചുമുള്ള കേസില്‍ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നതാണ്. കോവിഡിനെ തുടര്‍ന്നു നീട്ടിവച്ച കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ തീരുമാനം വൈകാതെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ സൂചിപ്പിച്ചു.

റിപ്പോർട്ട്: ജോര്‍ജ് കള്ളിവയലില്‍