ഡിഎംഎ ഹെൽപ്പ് ആൻഡ് ക്രൈസിസ് മാനേജ്‌മെന്‍റ്
Sunday, June 14, 2020 12:27 PM IST
ന്യൂ ഡൽഹി: ആപത്ഘട്ടത്തിൽ അകപ്പെട്ട മലയാളികൾക്ക് കൈത്താങ്ങായി ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഡിഎംഎ ഹെൽപ്പ് ആൻഡ് ക്രൈസിസ് മാനേജ്‌മെന്‍റ് കൂട്ടായ്മ രൂപീകരിച്ചു.

ഡിഎംഎ യുടെ 25 ശാഖാ നേതൃത്വവുമായി കൂട്ടിയിണക്കിക്കൊണ്ടാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. ദുരിതമനുഭവിക്കുന്ന മലയാളികളുടെ ക്ഷേമ കാര്യങ്ങൾ അന്വേഷിക്കുകയും അവർക്കു വേണ്ട സഹായം ചെയ്യുകയുമാണ് ഈ കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്‍റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ എന്നിവർ അറിയിച്ചു. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു.

ഡിഎംഎ യുടെ കേന്ദ്ര സമിതി അംഗങ്ങളെ കൂടാതെ ഡിഎംഎ ശാഖകളായ ആശ്രം-ശ്രീനിവാസ്‌പുരി, ബദർപൂർ, ദിൽഷാദ് കോളനി, ഡോ. അംബേദ്കർ നഗർ-പുഷ്പവിഹാർ, ദ്വാരക, ജനക്പുരി, ജസോല വിഹാർ, കാൽകാജി, കരോൾ ബാഗ്-കണാട്ട് പ്ലേസ്, ലാജ്പത് നഗർ, മഹിപാൽപൂർ-കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ്-3, മെഹ്റോളി, മൊത്തിനഗർ-രമേശ് നഗർ, പശ്‌ചിം വിഹാർ, പട്ടേൽ നഗർ, വികാസ്പുരി-ഹസ്‌തസാൽ, രജൗരി ഗാർഡൻ-ശിവജി എൻക്ലേവ് എക്സ്റ്റൻഷൻ, ആർ.കെ. പുരം, സംഗം വിഹാർ, സൗത്ത് നികേതൻ, വസുന്ധരാ എൻക്ലേവ്, വിനയ് നഗർ-കിദ്വായ് നഗർ തുടങ്ങിയ സ്ഥലങ്ങളിലെ ഏരിയ കമ്മിറ്റി ഭാരവാഹിക്കുകളും മറ്റു സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരും വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ അംഗങ്ങളാണ്.

ജോലി നഷ്ടപ്പെട്ടതുമൂലം വരുമാനം നിലച്ചുപോയ മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിഎംഎ യുടെ വെബ്സൈറ്റ് മുഖാന്തിരം ബയോ ഡാറ്റകൾ സ്വീകരിച്ചു മറ്റു കമ്പിനികളിലെ ജോലി സാധ്യതകൾ കണ്ടെത്തി യോജിച്ച ഉദ്യോഗാർത്ഥികൾക്ക് ജോലി നേടിക്കൊടുക്കുവാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായും ഡിഎംഎ ഭാരവാഹികൾ പറഞ്ഞു.

വിവരങ്ങൾക്കും സഹായങ്ങൾക്കുമായി കേന്ദ്ര സമിതി അംഗങ്ങളെയോ ഏരിയ കമ്മിറ്റി ഭാരവാഹികളുമായോ ബന്ധപ്പെടുക.

റിപ്പോർട്ട്: പി.എൻ. ഷാജി