ജര്‍മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ കലാപവും കൊള്ളയും
Monday, June 22, 2020 10:04 PM IST
സ്റ്റുട്ട്ഗാര്‍ട്ട്: ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ കലാപത്തിന്‍റെ രാത്രി. നിരവധി കടകള്‍ കലാപകാരികള്‍ കൊള്ളയടിച്ചു. ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമായതായി പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് നഗരത്തെ 500 ഓളം വരുന്ന യുവാക്കള്‍ വിറപ്പിച്ചത് പോലീസിനു തലവേദനമായി. സംഭവത്തില്‍ 19 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ ഒട്ടനവധി കടകള്‍ തകര്‍ത്ത് കൊള്ളയടിച്ചു. മയക്കുമരുന്ന് നിയന്ത്രണത്തിന്‍റെ പേരിലാണ് യുവാക്കള്‍ അക്രമാസക്തമായത്.നഗരത്തില്‍ നടന്ന കലാപവും അവയുടെ അനന്തരഫലങ്ങളും. ജര്‍മനിയെ മുറിവേല്‍പ്പിച്ചിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് നഗരത്തിന്‍റെ നിയന്ത്രണം കുറെനേരത്തേക്ക് പോലീസ് ഏറ്റെടുത്തു. അവിടെ കൂടിയവരില്‍ പകുതിയോളം പേരും വിദേശികളായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ ഞായറാഴ്ച രാവിലെ മുതല്‍ നൂറു കണക്കിന് അക്രമികള്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരേ കല്ലേറ് നടത്തിയിരുന്നു. സിറ്റി സെന്‍ററില്‍ നിരവധി കാറുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരുപതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍