ലാഭം കൂട്ടാനാണ് പെട്രോള്‍ വില കൂട്ടലിലൂടെ കേന്ദ്രം കൊള്ളയടിക്കുന്നത്: യശ്വന്ത് സിന്‍ഹ
Saturday, June 27, 2020 9:30 PM IST
ന്യൂഡല്‍ഹി: ജനങ്ങള്‍ ഏറ്റവും പ്രയാസം നേരിടുമ്പോള്‍ തുടര്‍ച്ചയായ 21-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി അവരെ കൊള്ളയടിച്ചു ലാഭം ഉണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുന്‍ ബിജെപി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

കോവിഡ് ദുരിതത്തിലും അടച്ചിടലിലും തളര്‍ന്നു പോയ സാധാരണക്കാരന്‍റെ തോളില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചാണു ദിവസവും തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

തുടര്‍ച്ചയായ 21-ാം ദിവസമായ ഇന്നലെയും രാജ്യത്താകെ പെട്രോള്‍, ഡീസല്‍ വില കൂട്ടിയിരുന്നു. ഇതോടെ ജൂണ്‍ ഏഴിനു ശേഷം പെട്രോള്‍ ലിറ്ററിന് 9.12 രൂപയും ഡീസലിന് 11.01 രൂപയുമാണു വില കൂടിയത്. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 21 പൈസയുമാണ് കൂട്ടിയത്.
വലിയ തോതില്‍ കേന്ദ്രനികുതി കൂട്ടി ലക്ഷക്കണക്കിനു കോടി പൊതുജനങ്ങളില്‍ നിന്നു ഊറ്റിയെടുക്കുന്നതിനു പുറമേയാണ് രാജ്യത്തെ സാധാരണക്കാരെ ഇന്ധനവില വര്‍ധനവിലൂടെ കേന്ദ്രം പകല്‍ക്കൊള്ള നടത്തുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇപ്പോഴും കുറഞ്ഞുനില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ ദിവസേന വില കൂട്ടി ജനങ്ങളെ സര്‍ക്കാര്‍ പോക്കറ്റടിക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനായി ഒരു വശത്ത് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ മറുവശത്ത് മോട്ടോര്‍ബൈക്കുകളിലും സ്‌കൂട്ടറുകളിലും ഓട്ടോറിക്ഷകളിലും ബസുകളിലും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സാധാരണക്കാരെ സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ ലാഭക്കൊതി കൊണ്ടാണ് ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വില പതിവായി കൂട്ടുന്നതെന്ന് ധനമന്ത്രിയെന്ന അനുഭവത്തില്‍ നിന്നു പറയുകയാണെന്ന് യശ്വന്ത് സിന്‍ഹ വിശദീകരിച്ചു. ഇതു നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് സിന്‍ഹ പറഞ്ഞു.

റിപ്പോർട്ട്: ജോര്‍ജ് കള്ളിവയലില്‍