ജര്‍മന്‍ എംബസിയുടെ ആദ്യ പരിഗണന മുടങ്ങിക്കിടക്കുന്ന വീസ അപേക്ഷകള്‍ക്ക്
Saturday, July 25, 2020 7:58 PM IST
ബര്‍ലിന്‍: ഇന്ത്യയിലെ ജര്‍മന്‍ എംബസിയുടെ ആദ്യ പരിഗണന കൊറോണവൈറസ് ബാധയും ലോക്ക്ഡൗണും കാരണം മുടങ്ങിക്കിടക്കുന്ന വീസ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അംഗീകരിക്കപ്പെട്ട അപേക്ഷകളില്‍ വീസ അനുവദിക്കുന്ന നടപടി ആദ്യം പൂര്‍ത്തിയാക്കും. ലോക്ക്ഡൗണ്‍ സമയത്ത് കാലാവധി പിന്നിട്ട ഡി- വീസ അപേക്ഷകര്‍ക്ക് കാലാവധി നീട്ടിക്കൊടുക്കുന്ന പ്രക്രിയയാണ് അതിനു ശേഷം പൂര്‍ത്തിയാക്കുക.

പുതിയ അപേക്ഷകള്‍ ഓഗസ്റ്റ് ആദ്യ വാരം മുതല്‍ ചുരുങ്ങിയ തോതില്‍ പരിഗണിച്ചു തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍വീസ് പ്രൊവൈഡറായ വിഎഫ്എസ് ഗ്ലോബല്‍ വഴി ആയിരിക്കും ഇതിനു തുടക്കം കുറിക്കുക. കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വിഎഫ്എസ് വീസ അപേക്ഷാകേന്ദ്രങ്ങളിലായിരിക്കും പുതിയ അപേക്ഷകള്‍ സ്വീകരിക്കുക.

ലോക്ക് ഡൗണിനെത്തുടർന്ന് ബംഗളുരുവിലെ ജർമൻ കോൺസുലേറ്റ് പ്രവർത്തനങ്ങൾ ജൂലൈ 23 മുതൽ പുനരാംഭിച്ചിട്ടുണ്ട്. പുതിയ വീസകൾ അപേക്ഷകൾ ഒന്നും തന്നെ ഇപ്പോൾ സ്വീകരിക്കുന്നില്ലെന്നും പുതിയ നടപടികൾ വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു.എന്നാൽ കൂടുതൽ വിവരങ്ങൾ അറിയാൻ ഔട്ട്സോഴ്സിംഗ് ഗ്രൂപ്പായ വി എഫ് എസുമായി അപേക്ഷകർ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ