പകർന്നു കിട്ടിയ അറിവ് വളർന്നു വരുന്ന മറ്റു കുട്ടികൾക്ക് വഴികാട്ടിയാവണം: ഡോ. എം. ചന്ദ്രശേഖരൻ നായർ
Wednesday, August 12, 2020 5:55 PM IST
ന്യൂഡൽഹി: മലയാള ഭാഷാ പഠനത്തിന്‍റെ വിവിധ കോഴ്സുകളിൽ വിജയിച്ചശേഷം ആ കുട്ടികൾ ഇപ്പോൾ എന്തു ചെയ്യുന്നു എന്ന് നമ്മൾ അന്വേഷിക്കണമെന്നും അവർക്ക് പകർന്നു കിട്ടിയ അറിവ് വളർന്നു വരുന്ന മറ്റു കുട്ടികൾക്ക് വഴികാട്ടിയാവാനുള്ള ഊർജം പ്രധാനം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കണമെന്നും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്ലാനിംഗ് ആൻഡ് ഡെവലപ്പ്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം. ചന്ദ്രശേഖരൻ നയർ. മലയാളം മിഷന്‍റെ മധ്യമേഖലാ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ പ്രവേശനോത്സവം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം മിഷന്‍റെ സിഗ്നേച്ചർ ഫിലിമായ "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' പ്രദർശിപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.

മാനവ വിഭവശേഷി മന്ത്രാലയത്തിലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ അംഗം ഡോ. പി.കെ. മാധവൻ മുഖ്യാതിഥിയായി പങ്കെടുത്ത് മലയാള സാഹിത്യവും അതിന്‍റെ ഉൽഭവത്തെക്കുറിച്ചും ഹൃദ്യമായി വിവരിച്ചു. മലയാളികൾ സ്വന്തം മാതൃഭാഷയായ മലയാളത്തോട് പ്രത്യേക പ്രതിപത്തിയുളളവരാണന്നും ഭാഷാഭിമാനികളാണ് പക്ഷേ ഭാഷാ ഭ്രാന്തന്മാരല്ലന്നും മറ്റു ഭാഷകൾ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും തല്പരരാണന്നും അദ്ദേഹം പറഞ്ഞു. "ഭടജനങ്ങടെ നടുവിലുളെളാരു പടയണിക്കിഹ ചേരുവാൻ, വടിവിയന്നൊരു ചാരു കേരള ഭാഷതന്നെ ചിതം വരൂ...' എന്നു പാടിയ മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മ ഗ്രാമമായ കിളളിക്കുറിശി മംഗലത്തിരുന്നു കൊണ്ട് പ്രവേശനോത്സവത്തിന് അദ്ദേഹം മംഗളങ്ങൾ നേർന്നു.

മലയാളം മിഷൻ ഡൽഹി, ജോയിന്‍റ് സെക്രട്ടറി കെ.എസ്. അനില അധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപികമാരായ രസ്‌ന സജിത്ത്, വി. മദീര എന്നിവർ ഈശ്വര പ്രാർത്ഥനയും മലയാളം മിഷൻ, മധ്യമേഖല കോഓർഡിനേറ്ററായ എ. മുരളീധരൻ സ്വാഗതവും പറഞ്ഞു. ഡൽഹി മലയാളം മിഷൻ മുൻ സെക്രട്ടറി എം.സി. അരവിന്ദൻ, ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്‍റും മലയാളം മിഷൻ ഡിഎംഎ പഠനകേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്‍റുമായ കെ.ജെ. ടോണി, ജനസംസ്കൃതിയുടെ നോർത്ത് അവന്യു-ഗോൾ മാർക്കറ്റ് ബ്രാഞ്ച് സെക്രട്ടറി ടി.എ. ബിജു, ജനസംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗവും മലയാളം മിഷൻ ജനറൽ കൗൺസിൽ അംഗവുമായ പി.വി. സുജാത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പട്ടേൽ നഗർ പാർഥസാരഥി ബാലഗോകുലം അധ്യപിക പത്മ സുരേഷ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.എൻ. ഷാജി