മെൽബണിലെ നിസ്വാർഥ സേവനത്തിന്‍റെ മലയാളി പെരുമ
Tuesday, August 25, 2020 5:09 PM IST
മെൽബൺ: കീസ്ബറോയിലെ സിഎഫ്എ യിൽ രണ്ടു വർഷം മുന്പ് വോളണ്ടിയർ സർവീസിൽ ജോലി ചെയ്യുകയും അതിനുശേഷം കാട്ടുതീ ഉൾപ്പെടെയുള്ള പലതരം വെല്ലുവിളികളെ സധൈര്യം നേരിട്ട് നാടിന്‍റെ സംരക്ഷകനായി സിഎഫ്എ യുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്ന ബിജിമോൻ കാരുപ്ലാക്കൽ ആണ് മലയാളികൾക്ക് അഭിമാനത്തിന്‍റെ പുത്തൻ ദിശാബോധം നൽകുന്നത്.

ഇന്ത്യൻ എയർഫോഴ്സിൽ ജോലി ചെയ്ത കാലത്ത് കിട്ടിയ അനുഭവങ്ങളാണ് തനിക്ക് ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കുന്നത് എന്നദ്ദേഹം പറഞ്ഞു. സിഎഫ്എ യുടെ ആഭിമുഖ്യത്തിൽ 'വി സ്പീക്ക് യുവർ ലാംഗ്വേജ് 'എന്ന പ്രോജക്ടിന്‍റെ ഭാഗമായി ഒരു വീഡിയോ നിർമിക്കുകയും അത് കൂടുതൽ ആളുകൾക്ക് പ്രചോദനമാവുകയും ചെയ്തു. കഴിയുമെങ്കിൽ കൂടുതൽ മലയാളികൾ ഇത്തരം സേവനമേഖലകളിലേക്ക് കടന്നുവരണമെന്ന് ബിജിമോൻ അഭ്യർഥിച്ചു.

പത്ത് വർഷം മുന്പ് ഇടുക്കിയിലെ കുരിങ്കുന്നം ഗ്രാമത്തിൽ നിന്നും മെൽബണിലേക്ക് കുടിയേറിയതാണ് ബിജിമോന്‍റെ കുടുംബം. സ്റ്റാഫ്നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യ സീനയുടേയും മക്കളായ ബെന്നിന്‍റേയും മാറ്റിയുടെയും പൂർണ പിന്തുണയുമാണ് തനിക്ക് ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപെടാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. "കരിങ്കുന്നം എന്‍റെ ഗ്രാമത്തിന്‍റെ' പ്രസിഡന്‍റ് കൂടിയാണ് ബിജിമോൻ കാരുപ്ലാക്കൽ.

റിപ്പോർട്ട്: റോണി പച്ചിക്കര