"ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദറി' ന് തിരുവോണ സന്ധ്യയിൽ ഉജ്ജ്വല സമാപനം
Wednesday, September 2, 2020 8:07 PM IST
ലണ്ടൻ: കോവിഡ് മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്‍റ് ഷോ "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദറി'ന്‍റെ സമാപന ദിവസമായിരുന്ന ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ബംഗളുവിൽ നിന്നുള്ള മിഖായേൽ, ഗബ്രിയേൽ, റഫായേൽ സഹോദരങ്ങൾ ചേർന്നൊരുക്കിയത് സർഗസംഗീതത്തിന്‍റെ മനോഹര നിമിഷങ്ങൾ.

മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കുട്ടികൾ പാടിയത് പ്രേക്ഷകർ നെഞ്ചോട് ചേർത്തു. ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ലൈവ്ഷോയുടെ സമാപന ലൈവിന് മാക്സ് വെൽ സഹോദരങ്ങൾ ഒരുക്കിയത് വാദ്യ സംഗീതത്തിന്‍റെ വിസ്മയച്ചെപ്പ് തുറന്ന ഉജ്ജ്വല കലാ വിരുന്ന്. സംഗീതത്തിന്‍റെ വിസ്മയ വേദിയിൽ പിയാനോ, കീബോർഡ്, വയലിൻ, ഗിറ്റാർ, മെലോഡിക്ക എന്നീ സംഗീതോപകരണങ്ങളാൽ ദേവ സംഗീതം പൊഴിച്ച കുട്ടികൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങി. അതി മനോഹരങ്ങളായ ഓണപ്പാട്ടുകളും ഏറെ പ്രശസ്തമായ സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളും കോർത്തിണക്കി രാഗമാല തീർത്ത ഷോ ഒന്നര മണിക്കൂറിലേറെ നീണ്ട് നിന്നു.

മിഖായേൽ, ഗബ്രിയേൽ, റഫായേൽ സഹോദരങ്ങൾ മൂന്ന് പേരും ചേർന്ന് പാടിയ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ലൈവിൽ തുടർന്ന് കുട്ടികൾ പാടിയത് "മാവേലി നാട് വാണീടും കാലം" എന്ന എല്ലാ മലയാളികളും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓണപ്പാട്ടായിരുന്നു. "ചിന്ന ചിന്ന ആശൈ" മിഖായേൽ വയലിനിലും ഗബ്രിയേൽ കീബോർഡിലും ഏറെ ഭംഗിയോടെ വായിച്ചതിനെ തുടർന്ന് "തുഛെ ദേഖാ തൊ യേ ജാനാ സനം" ഗബ്രിയേൽ വളരെ നന്നായി കീബോർഡിൽ വായിച്ചു.

" യു ആർ ഫീൽ വിത് കംപാഷൻ" എന്ന ഗാനം വളരെ മനോഹരമായി മിഖായേൽ ഗിറ്റാർ വായിച്ച് പാടിയപ്പോൾ ഫ്രോസൻ 2 എന്ന ചിത്രത്തിലെ "ആൾ ഈസ് ഫൌണ്ട്" റഫായേൽ മെലോഡിക്കയിലും മിഖായേൽ കീബോർഡിലും അതി മനോഹരമായി വായിച്ചു.

പിയാനോ, കീബോർഡ്, വയലിൻ, ഗിറ്റാർ എന്നീ സംഗീതോപകരണങ്ങൾ മാറി മാറി വായിച്ച മിഖായേൽ "തന്നന്നം താനന്നം താളത്തിലാടി", "ഒന്നാം രാഗം പാടി", "ശ്യാമ മേഘമേ", "റൌഡി ബേബി", "പാപ്പാ കെഹ്‌തേ ഹെ ബഡാ നാം കരേഗ",
"പൂം കാറ്റിനോടും കിളികളോടും", "ഗോഡ് വിൽ മെയ്ക് എ വേ",
"തുമ്പീ വാ തുമ്പക്കുടത്തിൻ" എന്നീ സൂപ്പർ ഹിറ്റ് ഗാനങ്ങൾ അതി മനോഹരമായി വായിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചു.

"സാംബാ നൈറ്റ്", "തും ഹി ഹോ", എന്നീ ഗാനങ്ങൾ ഗബ്രിയേൽ കീബോർഡിൽ വായിച്ചപ്പോൾ, "ലെറ്റ് ഇറ്റ് ഗോ", മലയാളത്തിലെ ആദ്യ 3 D സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിലെ "ആലിപ്പഴം പെറുക്കാൻ" എന്ന കുട്ടികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനം എന്നിവ തന്റെ മധുര ശബ്ദത്തിൽ പാടിയ റഫായേൽ ആസ്വാദകരുടെ പ്രിയങ്കരിയായി മാറി. റഫായേൽ പാടി മിഖായേൽ കീബോർഡിൽ വായിച്ച "എവരിതിംഗ് ഐ ആം" എന്ന ഗാനത്തെ തുടർന്ന് "ബ്ളെസ്സ്ഡ് ലോർഡ്‌ ഓഫ് മൈ സോൾ" എന്ന ഗാനം മിഖായേൽ ഗിറ്റാർ വായിച്ച് പാടിയപ്പോൾ ഗബ്രിയേൽ കീബോർഡിൽ കൂട്ട് ചേർന്നു. മിഖായേൽ ഗിറ്റാറിലും ഗബ്രിയേൽ കീബോർഡിലും ചേർന്ന് വായിച്ച "പൈതലാം യേശുവേ" എന്ന ഏറെ പ്രശസ്തമായ ക്രിസ്തുമസ്സ് ഗാനം പാടിയപ്പോൾ, നദി എന്ന ചിത്രത്തിലെ "നിത്യ വിശുദ്ധയാം കന്യാമറിയമേ" എന്ന ഗാനം റഫായേൽ കീബോർഡിലും മിഖായേൽ വയലിനിലും വായിച്ചു. "അന്ത്യകാല അഭിഷേകം" എന്ന ഗാനം മിഖായേൽ കീബോർഡിലും ഗബ്രിയേൽ മെലോഡിക്കയിലും "ഹവാന" എന്ന ഇംഗ്ളീഷ് ഗാനം മിഖായേൽ പിയാനോയിലും ഗബ്രിയേൽ കീബോർഡിലും വായിച്ചപ്പോൾ ബീഥോവന്റെ സിംഫണിയിലെ ഒരു ഗീതകം കുട്ടികൾ മൂന്ന് പേരും ചേർന്നവതരിപ്പിച്ചു.

ഗായകൻ, ഗാന രചയിതാവ്, സംഗീത സംവിധായകൻ, വിവിധ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നയാൾ, സംഗീതാധ്യാപകൻ എന്നിങ്ങനെ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്‍റെ പ്രതിഭ തെളിയിച്ചിട്ടുള്ള പിതാവ് മാക്സ് വെൽ കുട്ടികളോടൊപ്പം ചേർന്ന് പാടിയ "പൂവിളി പൂവിളി പൊന്നോണമായ്" എന്ന ഗാനം അദ്ദേഹത്തിന്‍റെ പ്രതിഭ തെളിയിക്കാൻ പോന്ന വിധം അതി മനോഹരമായിരുന്നു. മാക്സ് വെൽ ഗിറ്റാറിലും മിഖായേൽ കീബോർഡിലും വായിച്ച "മേരേ സപ്നോം കി റാണി" എന്ന നൊസ്റ്റാൾജിക് ഗാനം അതീവ ഹൃദ്യമായിരുന്നു.

ഏറെ പ്രശസ്തങ്ങളായ ഗാനങ്ങൾ കോർത്തിണക്കി മിഖായേൽ, ഗബ്രിയേൽ, റഫായേൽ സഹോദരങ്ങൾ അവതരിപ്പിച്ച ലൈവ്ഷോ പ്രേക്ഷകർ ഏറെ ആസ്വദിച്ചു എന്നതിന്‍റെ തെളിവായിരുന്നു ലൈവിൽ വന്ന നൂറ് കണക്കിന് കമന്‍റുകൾ.
ലൈവിൽ അവതാരകയായി വന്ന, കുട്ടികളുടെ അമ്മ കൂടിയായ ബിൻസി ജേക്കബ് തന്‍റെ ഉത്തരവാദിത്വം വളരെ നന്നായി നിർവഹിക്കുകയും മാക്സ് വെല്ലിനോടും മക്കളോടും ഒപ്പം ചേർന്ന് ലൈവിലെ അവസാന ഗാനമായ "വരുന്നു ഞങ്ങൾ തൊഴുന്നു ഞങ്ങൾ' അതി മനോഹരമായി പാടി പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിച്ച "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗദറി" ൽ പങ്കെടുത്ത മുഴുവൻ കൗമാര പ്രതിഭകൾക്കും അവരെ പ്രോത്സാഹിപ്പിക്കുകയും ഒരുക്കുകയും ചെയ്ത മാതാപിതാക്കൾക്കും ഗുരുക്കൻമാർക്കും "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകി വിജയിപ്പിച്ച ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്കും യുക്മ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും പരിപാടിയുടെ പ്രധാന സംഘാടകനുമായ സി.എ. ജോസഫ്, ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ് എന്നിവർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സജീഷ് ടോം