നന്മയുടെ നിറകുടങ്ങളാണ് മലയാളികൾ: ഡോ. ജോയ് വാഴയിൽ
Wednesday, November 4, 2020 5:28 PM IST
ന്യൂഡൽഹി: നന്മയുടെ നിറകുടങ്ങളാണ് മലയാളികളെന്നു ഡോ.ജോയ് വാഴയിൽ. ഡൽഹി മലയാളി അസോസിയേഷന്‍റെ കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ചു ഡിഎംഎ പ്രസിദ്ധീകരിച്ച ത്രൈമാസികയുടെ പ്രകാശനകർമവും മലയാള ഭാഷാധ്യാപകരെയും കോഓർഡിനേറ്റർമാരെയും ആദരിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മതിമോഹന ശുഭ നർത്തനമാടുന്നയി, മഹിതേ മമ മുന്നിൽ നിന്നു നീ മലയാള കവിതേ' എന്ന ചങ്ങമ്പുഴയുടെ കാവ്യനർത്തകിയിലെ വരികളിലെ വാക്കുകളുടെ യോജിപ്പ് മറ്റെല്ലാ ഭാഷകൾക്കും അന്യമാണെന്നും ഒരു മലയാളിയായതിൽ താൻ അഭിമാനിക്കുന്നുവെന്നും ഡോ. ജോയ് പറഞ്ഞു.

സർക്കാരിന്‍റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്‍റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ നീമാ നൂർ, വൈസ് പ്രസിഡന്‍റും മലയാള ഭാഷാ പഠന കേന്ദ്രം കോഓർഡിനേറ്ററുമായ കെ.ജി. രാഘുനാഥൻ നായർ, ജോയിന്‍റ് ട്രഷററും ത്രൈമാസിക കൺവീനറുമായ പി.എൻ. ഷാജി, വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ, ട്രഷറർ ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു. ത്രൈമാസികയുടെ ആദ്യകോപ്പികൾ ഡോ. ജോയ് വാഴയിലിനും നീമാ നൂറിനും നൽകി ഡോ. ജോയ് പ്രകാശനകർമം നിർവഹിച്ചു.

തുടർന്നു ദിൽഷാദ് കോളനി ഏരിയ ചെയർമാൻ അജികുമാർ മേടയിലിന്‍റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെയും അധ്യാപകരുടേയും വിവിധ കലാ പരിപാടികളും അധ്യാപകരെയും ഏകോപകർക്കും ഫലകവും പ്രത്യേക പാരിതോഷികങ്ങളും നൽകി ആദരിക്കുകയും ചെയ്തു.

റിപ്പോർട്ട്: പി.എൻ. ഷാജി