ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ മൂന്നാം വാരത്തിലേക്ക്
Saturday, November 28, 2020 6:42 AM IST
ലണ്ടൻ: കൊച്ചിൻ കലാഭവൻ ലണ്ടൻ കോവിഡ് ലോക്ഡോൺ കാലത്ത് ഓൺലൈനായി ആരംഭിച്ച ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ പ്രേക്ഷകരുടെ മനം കവർന്നു മൂന്നാം വാരത്തിലേക്കു കടന്നു. പ്രശസ്തചലച്ചിത്ര താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം നിർവഹിച്ച ഈ ഓൺലൈൻ ഡാൻസ്ഫെസ്റ്റിവലിൽ ഓരോ ആഴ്ച്ചയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്‌തരായ നർത്തകർ വീ ഷാൽ ഓവർ കം ഫേസ്ബുക്ക് പേജിലൂടെ ലൈവായി നൃത്തം അവതരിപ്പിച്ചു വരുന്നു.

കഴിഞ്ഞ ആഴ്ച്ച ബംഗളൂരുവിൽ നിന്നുള്ള പ്രശസ്ത നർത്തകി ഗായത്രി ചന്ദ്രശേഖരും സംഘവുമാണ് ആണ് നൃത്തം അവതരിപ്പിച്ചത്.

വിവിധ വിഭാഗങ്ങളിലായാണ് ഈ രാജ്യാന്തര നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗമായ പ്രഫഷണൽ സെഗ് മെന്‍റിൽ ലോകത്തിലെ അറിയപ്പെടുന്ന പരിചയ സമ്പന്നരായ നർത്തകരുടെ പ്രകടനവും പ്രേക്ഷകരുമായുള്ള സംവാദവുമാണ്.

രണ്ടാമത്തെ സെഗ് മെന്‍റിൽ ബ്ളൂമിംഗ് ടാലന്‍റിസിൽ വളർന്നു വരുന്ന നർത്തകരുടെ പ്രകടനവും ടോപ് ടാലെന്‍റ്സ് സെഗ് മെന്‍റിൽ കഴിവുറ്റ നർത്തകരുടെ നൃത്ത പ്രകടനവും ഇന്‍റർനാഷണൽ സെഗ് മെന്‍റിൽ ലോകത്തിലെ വിവിധ തരത്തിലുള്ള നൃത്ത രൂപങ്ങളും പ്രേക്ഷകർക്ക് മുന്പിൽ പരിചയപ്പെടുത്തുന്നു. വൈറൽ വിഭാഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ നൃത്ത വീഡിയോകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

കഴിഞ്ഞ ആഴ്ച ബ്ളൂമിംഗ് ടാലെന്‍റ്സ് വിഭാഗത്തിൽ യുകെയിലെ വിൽഷെയർ മലയാളി അസോസിയേഷനിൽനിന്നുള്ള നർത്തകർ അവതരിപ്പിച്ച ഒരു ബോളിവുഡ് ഗ്രൂപ്പ് പ്രകടനമായിരുന്നു. ഇന്‍റർനാഷണൽ വിഭാഗത്തിൽ റഷ്യൻ ഫോക് ഡാൻസും.

കഴിഞ്ഞ ആഴ്ചത്തെ നൃത്തോത്സവം കാണാൻ www.fb.watch/215XiBq1Ui ക്ലിക്ക് ചെയ്യുക

നവംബർ 29 നു (ഞായർ) പ്രഫഷണൽ വിഭാഗത്തിൽ പ്രശസ്ത ഒഡിസി നർത്തകിയും മലയാളിയുമായ സന്ധ്യമനോജ് ആണ് നൃത്തം അവതരിപ്പിക്കുന്നത്. വിവിധ രാജ്യാന്തര നൃത്തോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ള സന്ധ്യ മനോജ് മലേഷ്യയിലെ കോലാലംപൂരിൽ നൃത്ത അക്കാദമി നടത്തുന്നു. ഒട്ടേറെ അന്താരാഷ്ട്ര വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് യുകെ സമയം മൂന്നു (ഇന്ത്യൻ സമയം രാത്രി 8.30 ന്) മുതൽ കലാഭവൻ ലണ്ടന്‍റെ വീ ഷാൽ ഓവർ കം ഫേസ്ബുക് പേജിൽ ലൈവ് ലഭ്യമാകും.

കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്സൺ ജോർജ്, കോഓർഡിനേറ്റർമാരായ റെയ്‌മോൾ നിധിരി, ദീപാ നായർ, സാജു അഗസ്റ്റിൻ, വിദ്യാ നായർ തുടങ്ങിയവരടങ്ങിയ കലാഭവൻ ലണ്ടൻ സംഘമാണ് ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നൽകുന്നത്.

നൃത്തോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നർത്തകർ ടീംഅംഗങ്ങളുമായി ബന്ധപ്പെടുക.

email : [email protected]
www.kalabhavanlondon.com