കോവിഡ് 19: പരിഭ്രമിക്കേണ്ടെന്ന് മെർക്കൽ
Saturday, February 20, 2021 2:18 AM IST
ബർലിൻ: ജർമനിയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും ഒരുപക്ഷെ എടുത്തുകളയാനുമുള്ള നീക്കം ആലോചനയിലാണെന്ന് ചാൻസലർ ആംഗല മെർക്കൽ. പാർലമെന്‍റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് 35 എന്ന പുതിയ അനുപാതം ഏഴു ദിവസത്തിനുള്ളിൽ ലഭിക്കുന്പോൾ മാത്രമേ കൂടുതൽ പൊതുജീവിതം വീണ്ടും തുറക്കാൻ ജർമനി അനുവദിക്കൂ. കൊറോണ വൈറസ് മഹാമാരി എത്രത്തോളം വ്യക്തിഗതമാണെന്ന് മെർക്കൽ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ ലഘൂകരിക്കാനോ കൊണ്ടുവരാനോ കഴിയുന്പോൾ അതുനടപ്പിലാക്കുമെന്നും മെർക്കൽ പറഞ്ഞു.ലോകമെന്പാടും, ഓരോ രാജ്യത്തെയും രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞരും മഹാമാരിയെ വ്യത്യസ്തമായിട്ടാണ് അളക്കുന്നതെന്നും അവർ പറഞ്ഞു.

കോവിഡിനെതിരേ ഫലപ്രദമായ പ്രതിരോധം ആർജിക്കാൻ ജർമനിക്ക് ഏറ്റവും നല്ലത് അസ്ട്രസെനക്ക വാക്സിൻ തന്നെയാണെന്ന് സർക്കാരിന്‍റെ ആരോഗ്യകാര്യ ഉപദേഷ്ടാവ് ക്രിസ്റ്റ്യൻ ഡ്രോസ്റ്റൻ പറഞ്ഞു. അസ്ട്രസെനക്ക വാക്സിന്‍റെ കാര്യത്തിൽ ഉയരുന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും എത്രയും കൂടുതൽ പേർക്ക് എത്രയും വേഗം വാക്സിൻ നൽകാനാണ് ശ്രമിക്കേണ്ടതെന്നും ഡ്രോസ്റ്റൻ ചൂണ്ടിക്കാട്ടി.

ജർമനിയിൽ നിലവിൽ ഉപയോഗിക്കുന്ന എല്ലാ വാക്സിനുകളും നല്ലതാണ്. സൂപ്പിൽ എവിടെയെങ്കിലും ചിലപ്പോൾ ഒരു മുടിനാര് കണ്ടെന്നു വരും. അതിനെ ഭൂതക്കണ്ണാടി വച്ച് നോക്കേണ്ട ആവശ്യമില്ലെന്നുമാണ് ഡ്രോസ്റ്റന്‍റെ വിശദീകരണം.

അതേസമയം കൊറോണക്കാലത്ത് 2020ൽ ജർമൻകാരുടെ ആകെ ശന്പളത്തിൽ രേഖപ്പെടുത്തിയത് ശരാശരി ഒരു ശതമാനത്തിന്‍റെ കുറവ്. ഇത് ചരിത്രത്തിലെ ഒരു വർഷം കണക്കാക്കുന്ന ഏറ്റവും വലിയ കുറവാണിത്. 2007 മുതലാണ് ഇത്തരത്തിലുള്ള കണക്കുകൾ ശേഖരിച്ചു തുടങ്ങിയത്.കോവിഡ് മഹാമാരിയും അതിനെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും തന്നെയാണ് ഇതിനു പ്രധാന കാരണമെന്ന് കണക്കുകൾ പുറത്തുവിട്ട ഫെഡറൽ സ്ററാറ്റിക്സ് ഏജൻസി ചൂണ്ടിക്കാട്ടുന്നു. 2008~09ലെ സാന്പത്തിക മാന്ദ്യകാലത്തും ഈ രീതിയുള്ള ശന്പളക്കുറവ് ഉണ്ടായിട്ടില്ല. അതേസമയം, ശരാശരി വിലകളിൽ അര ശതമാനത്തിന്‍റെ വർധനയും 2020ൽ രേഖപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ