ഹീത്രൂവിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്ന പതാകാജാഥ
Sunday, January 23, 2022 11:24 AM IST
ലണ്ടൻ: സിപിഎം അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി) ദേശീയ സമ്മേളനത്തിന്റെ പതാകാറാലി ലണ്ടനിൽ നടന്നു. ബ്രിട്ടനിലെയും അയർലണ്ടിലെയും വിവിധ പ്രദേശങ്ങളിൽ നിന്ന് വനിതകളും വിദ്യാഥി പ്രതിനിധികളും അടക്കം നൂറിലേറെ പ്രവർത്തകർ ജനുവരിയിലെ മരംകോച്ചുന്ന തണുപ്പിനെ അവഗണിച്ചു ചെങ്കൊടിയേന്തി ലണ്ടനിൽ ആവേശപൂർവം ഒത്തുചേർന്നു.

സമ്മേളന നഗരിയിൽ ഉയർത്താനുള്ള രക്തപതാക കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ പാർട്ടി സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസിൽ നിന്ന് സമ്മേളന സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്ണയും ചേർന്ന് ഏറ്റുവാങ്ങി.

പാർട്ടി മുതിർന്ന നേതാക്കളായ കാർമൽ മിറാൻഡ , മൊഹിന്ദർ സിദ്ധു, .അവ്താർ ഉപ്പൽ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ചെറിയാൻ, ജനേഷ് നായർ, പ്രീത് ബെയ്‌ൻസ്‌ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് റാലിയായി പതാക മാർക്സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിച്ചു. ലെനിൻ തന്‍റെ പത്രമായ ഇസ്‌ക്ര (Spark)യുടെ 17 ലക്കങ്ങൾ പ്രസിദ്ധീകരിച്ചതു ഈ കെട്ടിടത്തിൽ വെച്ചാണ്. ആവേശപൂർവ്വം മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രവർത്തകർ റാലിയിൽ അണിചേർന്നത്.

സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചു ഫെബ്രുവരി 5,6 തീയതികളിൽ ഹീത്രൂവിലാണ് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് ദേശീയ സമ്മേളനം നടക്കുന്നത്.