സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യമൊരുക്കി കെഎംസിസി
Friday, April 8, 2022 11:54 AM IST
ബംഗളുരു: നിർധനരായ 12 കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യമൊരുക്കി ഓൾ ഇന്ത്യ കെഎംസിസി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി. കഴിഞ്ഞ ദിവസം ബംഗളുരുവിലെ ശിഹാബ് തങ്ങൾ സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മതരാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

മുൻ കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയും എം.എൽ.എയുമായ രാമലിംഗ റെഡ്‌ഡി ചടങ്ങിന്‍റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് എം ഡിയുമായ സൈനുല്‍ ആബിദീന്‍ മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുളള എന്നിവരാണ് സമൂഹ വിവാഹം നടത്തുന്നതിന് സാമ്പത്തികമായി പിന്തുണച്ചത്.

നാളിതുവരെ 4 ഘട്ടങ്ങളിലായി കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിലധികം യുവതി യുവാക്കൾക്കാണ് എഐകെഎംസിസി ഒരുക്കിയ സമൂഹ വിവാഹത്തിലൂടെ പുതിയ ജീവിതം ലഭ്യമായിട്ടുള്ളത്. എഐകെഎംസിസി ബാംഗ്ലൂർ പ്രസിഡന്റ് അധ്യക്ഷതയും ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് സ്വാഗതവും എം.എ.അമീറലി നന്ദിയും പറഞ്ഞു. സിറ്റി ജുമാ മസ്ജിദ് ചീഫ് ഇമാം മൗലാന മഖ്‌സൂദ് ഇമ്രാൻ റഷാദിനി കാഹിന് മുഖ്യ കാർമികത്വം വഹിച്ചു.

ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി സി.എം.ഇബ്രാഹിം, സൗമ്യ റെഡ്ഡി എം.എൽ.എ, യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി, മുസ്ലിം ലീഗ് ദേശിയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേഠ്, സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ, ഹമീദ് നരിക്കോളി, അടിയോട്ടിൽ അമ്മദ്, കക്കാട്ട് പോക്കർ, റിയാസ് നച്ചോളി, അലി എടവത്ത് കണ്ടി, മുജീബ് കക്കാട്ട്, സിദ്ധാപുര എസ്.ഐ.രാജ് റാം എന്നിവർ സന്നിഹിതരായിരുന്നു.