ബര്‍ലിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ത്യക്കാര്‍ ഉത്സവമാക്കി
Tuesday, May 3, 2022 11:44 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെയാണ് ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ എത്തിയത്.

ബര്‍ലിന്‍~ബ്രാന്‍ഡന്‍ബര്‍ഗ് വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ഇന്‍ഡ്യന്‍ സമൂഹം ഉള്‍പ്പടെ ജര്‍മനി നല്‍കിയത്. ബര്‍ലിനില്‍ മോദിയെ വീണ്ടും സൈനിക ബഹുമതികളോടെയാണ് സ്വീകരിച്ചത്.ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബര്‍ലിനിലെത്തിയത്.

ബര്‍ലിനില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍, ആരോഗ്യമന്ത്രി ഡോ. മനുഷ്ക് മാണ്ഡവ്യ എന്നീ മന്ത്രിമാരും മോദിയ്ക്കൊപ്പമുണ്ട്. സാമ്പത്തിക സഹകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മീറ്റിംഗിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ജര്‍മ്മന്‍ വ്യവസായം ഇതിനകം തന്നെ വ്യക്തമായിക്കിയിട്ടുണ്ട്.

ജൂണ്‍ അവസാനം ബവേറിയയിലെ എല്‍മൗവില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ട്. ചാന്‍സലര്‍ ഷോള്‍സ് ഇന്ത്യയെ അതിഥി രാജ്യമായി നിര്‍ദ്ദേശിച്ചു. നിലവില്‍ ജി 7 പ്രസിഡന്‍സി ജര്‍മ്മനിക്കാണ്. പരമ്പരാഗതമായി അതിഥി രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്നതും ഒരു പതിവാണ്. ആറാമത് ഇന്ത്യ~ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷനില്‍ മോദി ഇന്ന് ബര്‍ലിനില്‍ സഹഅധ്യക്ഷനായി.മൂന്ന് ദിവസത്തെ ത്രിരാഷ്ട്ര യൂറോപ്പ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി ഉക്രെയ്ന്‍ വിഷയത്തില്‍ കാഴ്ചപ്പാടുകള്‍ കൈമാറി.

ജര്‍മനിയിലെ ഏറ്റവും മുന്തിയ പോട്ടലായ ഹോട്ടല്‍ ആഡ്ലോണ്‍ കെംപിന്‍സ്കിയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ത്യക്കാരുമായി സംവദിച്ചു. വന്ദേമാതരവും ഭാരത് മാതാ കീ ജയും ഉയര്‍ന്നുപൊങ്ങിയ അന്തരീക്ഷത്തില്‍ ഇന്‍ഡ്യാക്കാര്‍ പ്രധാനമന്ത്രിക്ക് ചുറ്റും കൂടി നിന്ന് അഭിവാദ്യമര്‍പ്പിച്ചു.

ഒരു പെണ്‍കുട്ടി താന്‍ വരച്ച മോദിയുടെ ചിത്രം പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു. ചിത്രം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, കുട്ടിയുമായി കുശലം പറഞ്ഞതിനിടയില്‍ ഈ ചിത്രം
വരയ്ക്കാന്‍ എത്രദിവസം എടുത്തുവെന്ന് കുട്ടിയോട് ചോദിച്ചത് കുട്ടിയെയും കുട്ടിയുടെ മാതാപിതാക്കളെയും ആശ്ചര്യപ്പെടുത്തി.തുടര്‍ന്ന് ഒരു ആണ്‍കുട്ടി പ്രധാനമന്ത്രിക്ക് മുന്നില്‍ ദേശഭക്തിഗാനം ആലപിച്ചപ്പോള്‍പ്രധാനമന്ത്രി താളം പിടിച്ചുകൊണ്ട് ഗാനം ആസ്വദിച്ച് കയ്യടിച്ച് കുട്ടിയെ അഭിനന്ദിച്ചതും ഏറെ ശ്രദ്ധേയമായി.

മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ബര്‍ലിനില്‍ ഇന്‍ഡ്യാക്കാര്‍ ഉല്‍സവമാക്കി മാറ്റി. ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റിന്‍റെ മുന്‍പില്‍ തടിച്ചുകൂടിയ ഇന്ത്യക്കാര്‍ ഒരു മേളയുടെ പ്രതീതി സൃഷ്ടിച്ചതായി ഞങ്ങളുടെ പ്രതിനിധി വിനോദ് ബാലകൃഷണ ബര്‍ലിനില്‍ നിന്നും അറിയിച്ചു.

സംയുക്ത ചര്‍ച്ചയ്ക്ക് ശേഷം, വിവിധ കൂടിക്കാഴ്ചകളും നടന്നു. അതില്‍ ഇരുപക്ഷത്തു നിന്നുമുള്ള മന്ത്രിമാരും വ്യവസായ പ്രതിനിധികളും പങ്കെടുക്കും. കാലാവസ്ഥാ സംരക്ഷണം, ബിസിനസ്, വികസന സഹകരണം എന്നീ മേഖലകളില്‍ കരാറുകള്‍ ഒപ്പുവെച്ചു. അവസാനമായി, ഷോള്‍സും മോദിയും തമ്മിലുള്ള അത്താഴവിരുന്നും ഒരുക്കുന്നുണ്ട്.

ജര്‍മനിക്കു പിന്നാലെ ഡെന്‍മാര്‍ക്കും ഫ്രാന്‍സും സന്ദര്‍ശിക്കുന്ന മോദിയ്ക്ക് തിരക്കിട്ട ത്രിദിന യാത്രാപരിപാടിയാണുള്ളത്. മൊത്തം 65 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രിദിന സന്ദര്‍ശനത്തില്‍ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത് എന്നതും ഒരു വലിയ കാര്യമാണ്.

50 ഓളം ആഗോള വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിനു പുറമേ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി, ബഹുമുഖ കൂടിക്കാഴ്ചകള്‍ നടത്തും.

ചൊവ്വാഴ്ച ഡെന്മാര്‍ക്ക്, ഐസ്ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, നോര്‍വേ പ്രധാനമന്ത്രിമാരുമൊത്തുള്ള രണ്ടാം ഇന്ത്യ~നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും. ബുധനാഴ്ച മടക്കയാത്രയില്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കായി മോദി പാരീസിലെത്തും. യൂറോപ്പിന്റെ ഹൃദയഭാഗത്ത് നടന്ന ഒരു യുദ്ധം ഏഴ് പതിറ്റാണ്ടുകളുടെ ആഗോള ക്രമം ഉയര്‍ത്തിയ സമയത്താണ് ഈ വര്‍ഷത്തെ മോദിയുടെ ആദ്യ വിദേശ യാത്ര എന്നതും ശ്രദ്ധേയം.