ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ രാഷ്ട്രനേതാക്കള്‍ കീവില്‍
Friday, June 17, 2022 9:51 PM IST
ജോസ് കുമ്പിളുവേലില്‍
കീവ്: ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ നേതാക്കള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തി. റഷ്യ കൂടുതല്‍ പിടിമുറുക്കുന്നതിനിടെ യുക്രെയ്ന് പിന്തുണ അറിയിച്ചാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷുള്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി എന്നിവര്‍ എത്തിയിരിക്കുന്നത്.

മൂന്നു പേരും ആദ്യമായാണ് യുദ്ധമേഖലയിലെത്തുന്നത്. ഈ രാജ്യങ്ങളുടെ സഹകരണക്കുറവിനെതിരെ യുക്രെയ്ന്‍ ഉന്നയിച്ച കടുത്ത വിമര്‍ശനം തണുപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. പോളണ്ടില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് മൂവരും കീവിലെത്തിയത്. റുമേനിയന്‍ പ്രസിഡന്‍റ് ക്ളോസ് ലൊഹാനിസും കീവില്‍ ഇവരോടൊപ്പം ചേര്‍ന്നു.

അതേസമയം, റഷ്യയുമായി സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ നേതാക്കള്‍ യുക്രെയ്നിനെ പ്രേരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്നു രാജ്യങ്ങളും യുക്രെയ്നിന് പിന്തുണ അറിയിക്കുന്നുണ്ടെങ്കിലും സമാധാന കരാര്‍ നിര്‍ദേശങ്ങള്‍ക്ക് ഇവര്‍ രൂപം നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, തങ്ങള്‍ക്ക് സമാധാന കരാറല്ല കൂടുതല്‍ ആയുധങ്ങളാണ് വേണ്ടതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കി പറയുന്നു.

പ്രതിരോധത്തിനുള്ള ആയുധങ്ങള്‍ എത്തിക്കുന്നതില്‍ ജര്‍മനിയാണ് ഏറ്റവും പിറകിലെന്ന് യുക്രെയ്ന്‍ കുറ്റപ്പെടുത്തിയിരുന്നു. സന്ദര്‍ശനത്തിനു പിറകെ അടിയന്തരമായി ജര്‍മനി കൂടുതല്‍ ആയുധങ്ങള്‍ കൈമാറുമെന്ന് സൂചനയുണ്ട്.

അടുത്തയാഴ്ച ചേരുന്ന നാറ്റോ യോഗം യുക്രെയ്നിന് അംഗത്വം നല്‍കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. അംഗത്വം വൈകുമെന്ന് നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ അഭിപ്രായപ്പെട്ടിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സെലന്‍സ്‌കിയുമായി കീവില്‍ പത്രസമ്മേളനം നടത്തി. ഉക്രെയ്‌നിന്‍റെ യൂറോപ്യന്‍ യൂണിയന്‍ അഭിലാഷങ്ങളെക്കുറിച്ചും കീവിനുള്ള സൈനിക പിന്തുണയെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു. "നിങ്ങള്‍ക്കൊപ്പമാണ് യൂറോപ്പ് ' എന്നായിരുന്നു യൂറോപ്യന്‍ നേതാക്കള്‍ യുക്രൈന് നല്‍കിയ വാക്ക്.