യുക്മ യൂത്ത് കരിയർ ഗൈഡൻസ് പരമ്പര ശ്രദ്ധേയമാകുന്നു
Sunday, March 19, 2023 2:26 PM IST
അലക്സ് വർഗീസ്
ലണ്ടൻ: ഗ്രാമർ സ്കൂൾ പ്രവേശനത്തിന് ഒരുങ്ങുന്ന യുകെയിലെ വിദ്യാർത്ഥികളേയും അവരുടെ മാതാപിതാക്കളേയും ഉദ്ദേശിച്ച്, യുക്‌മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലന പരിപാടി ഇന്ന് (മാർച്ച് 19, ഞായറാഴ്ച്ച) ഉച്ച കഴിഞ്ഞ് രണ്ടിനു സൂം ലിങ്കിൽ. ഗ്രാമർ സ്‌കൂൾ പ്രവേശനത്തിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും സഹായകരമായ വിവരങ്ങളും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പകർന്ന് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ യൂത്ത് ഈ പരിശീലനക്കളരി സംഘടിപ്പിച്ചിരിക്കുന്നത്.

വിൽറ്റ്ഷയറിലെ 11 പ്ളസ് ലീപ്പിലെ ട്യൂട്ടർമാരായ റെയ്മോൾ നിധീരി, ജോ നിധീരി, രശ്മി കൃഷ്ണ എന്നിവർ നേതൃത്വം കൊടുക്കുന്ന പരിശീലന പരിപാടിയിൽ 11 പ്ളസ് ലീപ് ഉടമയായ ട്രേസി ഫെൽപ്സ് ഗസ്റ്റ് സ്പീക്കറായി പങ്കെടുക്കും. കഴിഞ്ഞ നിരവധി വർഷങ്ങളായി നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് ഗ്രാമർ സ്‌കൂൾ അഡ്മിഷൻ നേടിക്കൊടുക്കുവാൻ സഹായിച്ച 11 പ്ളസ് ലീപ് ടീം അംഗങ്ങളോടൊപ്പം ചെൽട്ടൻഹാമിലെ പെയ്റ്റ്സ് സ്‌കൂൾ വിദ്യാർത്ഥിയായ ആദൽ ബഷീർ (ഇയർ 12), വിദ്യാർത്ഥിനിയായ എയ്ഞ്ചൽ സോണി (ഇയർ 10), വിദ്യാർത്ഥിയായ ഋഷികേഷ് (ഇയർ 13) എന്നിവരും പരിശീലനക്കളരിയുടെ ഭാഗമാകും. ഡോ. ബിജു പെരിങ്ങത്തറ പരിശീലനക്കളരിയുടെ മോഡറേറ്ററായിരിക്കും. യുക്മ ഫെയ്‌സ്ബുക്ക്‌ പേജിലും പരിശീലനക്കളരിയുടെ ലൈവ് ലഭ്യമായിരിക്കും.

യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പരിശീലന പരിപാടിയുടെ ആദ്യ എപ്പിസോഡ് മെഡിക്കൽ പഠനവും രണ്ടാമത്തേത് ഡന്റൽ പഠനവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.

ഗ്രാമർ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പരിശീലന ക്ളാസ്സിനെ തുടർന്ന് അക്കൌണ്ടൻസി, ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ്സ് മാനേജ്മെന്റ്, സിവിൽ സർവ്വീസസ്, ലാ സ്കൂൾ, ഫിസിഷ്യൻ അസ്സോസ്സിയേറ്റ്, നഴ്സിംഗ്, ഹോട്ടൽ മാനേജ്‌മെൻറ്, എഞ്ചിനീയറിംഗ്, ഫാർമസി തുടങ്ങി വിവിധ മേഖലകളിൽ തുടർന്ന് പരിശീലനക്കളരികൾ ഉണ്ടാകും. ഓരോ മേഖലയിലേയും വിദഗ്ദർ നയിക്കുന്ന പരിശീലനക്കളരികളിൽ സീനിയർ വിദ്യാർത്ഥികളും അതാത് വിഷയങ്ങളിൽ തങ്ങളുടെ അറിവുകൾ പങ്ക് വെയ്ക്കും. ഓരോ എപ്പിസോഡുകളിലും ഓരോ വിഷയങ്ങളെക്കുറിച്ചാകും ക്ലാസുകൾ നടക്കുക.

ഓൺലൈൻ പരിശീലനവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നയിക്കുവാനും ഉപദേശം നൽകുവാനും താല്പര്യമുള്ള വിദഗ്ദരും സീനിയർ വിദ്യാർത്ഥികളും യുക്‌മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ (07904785565), സെക്രട്ടറി കുര്യൻ ജോർജ്ജ് (07877348602) എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.