മ​നു​ഷ്യ സ്നേ​ഹ​ത്തിന്‍റെ പു​ത്ത​ൻ മാ​തൃ​ക​യു​മാ​യി ജ​സോ​ള ദേവാലയം
Tuesday, May 9, 2023 2:03 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: വി​ശ്വ​മാ​ന​വി​ക​ത​യു​ടെ പു​ത്ത​ൻ പ​തി​പ്പാ​വു​ക​യാ​ണ് ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യം. കാ​ണ​പ്പെ​ടു​ന്ന ദൈ​വ​ത്തെ സ്നേ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ന്, കാ​ണ​പ്പെ​ടാ​ത്ത ദൈ​വ​ത്തെ സ്നേ​ഹി​ക്കു​വാ​ൻ ക​ഴി​യു​ക​യി​ല്ല എ​ന്ന ദൈ​വീ​ക ആ​ഹ്വാ​ന​ത്തെ പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട്, ദൈ​വിക​രാ​ധ​ന​യോ​ടൊ​പ്പം ത​ന്നെ പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രെ​യും സ്നേ​ഹി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​സോ​ള ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സാ​ന്ത്വ​നം അ​ന്ന​ദാ​നം ഇ​ന്ന് നൂ​റു ആ​ഴ്ച​ക​ൾ പി​ന്നി​ടു​ക​യാ​ണ്.

ജാ​തി​യു​ടെ മ​ത​ത്തി​ന്‍റെ​യും ഭാ​ഷ​യു​ടെ​യും വ​ർ​ണ-​വ​ർ​ഗ വ്യ​ത്യാ​സ​ങ്ങ​ളു​ടെ​യും, അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​പ്പു​റം നൂ​റു​ക​ണ​ക്കി​ന് മ​നു​ഷ്യ​രാ​ണ് ഓ​രോ ആ​ഴ്ച​യും ​സ്നേ​ഹ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി മാ​റു​ന്ന​ത്.


പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ർ​ക്ക്, ഒ​രു നേ​ര​ത്തെ എ​ങ്കി​ലും അ​ന്ന​മാ​യി മാ​റാ​ൻ ക​ഴി​യു​ന്ന​തി​ൻ ഭാ​ഗ​മാ​കു​വാ​ൻ സാ​ധി​ക്കു​ന്ന​തി​ന്‍റെ ചാ​രി​താ​ർ​ത്ഥ്യ​വും സം​തൃ​പ്തി​യുമാണ് ഇ​തി​ന്റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ന​ല്ല മ​ന​സുക​ൾ​ക്കും. വി​കാ​രി​യ​ച്ച​ൻ ഫാ. ​ബാ​ബു ആ​നി​ത്താ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഈ ​ന​ല്ല സം​രം​ഭം, ഇ​നി​യും ഒ​രു​പാ​ട് പേ​ർ​ക്ക് ആ​ശ്വാ​സ​വും ത​ണ​ലും മനുഷ്യമനസുകൾക്ക് പ്രചോദനവുമാകട്ടെ.