ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ വസ്തു ഐഎസ്ആര്‍ഒയുടെ റോക്കറ്റിന്‍റെ ഭാഗമെന്ന് സ്ഥിരീകരണം
Tuesday, August 1, 2023 3:29 PM IST
കാൻബെറ: ഓസ്‌ട്രേലിയന്‍ തീരത്ത് നിന്നും കണ്ടെത്തിയ അജ്ഞാതവസ്തു ഐഎസ്ആര്‍ഒ വിക്ഷേപിച്ച പിഎസ്എല്‍വിയുടെ ഭാഗമാണെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ സ്‌പെയ്‌സ് ഏജന്‍സി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏതാനും ദിവസം മുന്‍പാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഗ്രീന്‍ ഹെഡിനടുത്ത് ജൂറിയന്‍ ബേ കടല്‍തീരത്ത് രണ്ടര മീറ്റര്‍ വീതം നീളവും വീതിയുമുള്ള അജ്ഞാത വസ്തു കണ്ടെത്തിയത്.സിലിണ്ടറിന്‍റെ രൂപത്തിലുള്ള ഈ വസ്തു എന്തിന്‍റെ ഭാഗമാണെന്ന് കണ്ടെത്താന്‍ പോലീസിനും ശാസ്ത്രജ്ഞര്‍ക്കും ആദ്യം സാധിച്ചിരുന്നില്ല.

ഏതെങ്കിലും വിദേശ രാജ്യം നിര്‍മിച്ച റോക്കറ്റിന്‍റെ ഭാഗമാകാം ഇതെന്ന് ഓസ്‌ട്രേലിയയിലുള്ള സ്‌പെയ്‌സ് ഏജന്‍സി ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു.