ഉപാധികളില്ലാതെ നിരുപാധികം മനുഷ്യനെ സ്നേഹിക്കുവാനുള്ള ആഹ്വാനമാണ് ഗുരു അരുളിയതെന്ന് മീരാ കുമാർ
Sunday, August 25, 2024 9:42 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഉപാധികളില്ലാതെ നിരുപാധികം മനുഷ്യനെ സ്നേഹിക്കുവാനുള്ള ആഹ്വാനമാണ് ശ്രീനാരായണ ഗുരു അരുളിയതെന്ന് മുൻ ലോക് സഭാ സ്പീക്കർ മീരാ കുമാർ.

മനുഷ്യൻ സമ്പന്നനോ ദരിദ്രനോ, കറുപ്പോ, വെളുപ്പോ, ഉയർന്നവരോ, താഴ്ന്നവരോ എന്നീ മുൻവിധികളില്ലാതെ ജാതിമത ഭേദമന്യേ എല്ലാവരെയും സ്നേഹിക്കണമെന്നും, മനുഷ്യൻ എന്ന ഒരു ജാതി മാത്രമാവണം നമ്മുടെ മനസുകളിലെന്നുമുള്ള സന്ദേശമാണ് ശ്രീനാരായണ ഗുരു ലോകത്തിനു നൽകിയതെന്ന് അവർ പറഞ്ഞു. ശ്രീനാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം ശാഖാ നമ്പർ 4351 ഗുരുദേവ ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അവർ.

ശാഖാ പ്രസിഡന്‍റ് ഷാജി എം.ആർ. അധ്യക്ഷത വഹിച്ചു. പ്രസീനാ ഭദ്രൻ ദൈവ ദശകം ആലപിച്ചു. ശാഖാ സെക്രട്ടറി ലൈന അനിൽ കുമാർ സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥിയായി ഡൽഹി ശ്രീനാരായണ കേന്ദ്രം ജനറൽ സെക്രട്ടറി എൻ ജയദേവൻ, ഡൽഹി യൂണിയൻ വനിതാ സംഘം സെക്രട്ടറി ജ്യോതി ബാഹുലേയൻ, കൗൺസിലറും മുൻ യൂണിയൻ സെക്രട്ടറിയുമായ സി.കെ. പ്രിൻസ്, ശാഖാ വനിതാ സംഘം പ്രസിഡന്‍റ് വാസന്തി ജനാർദ്ദനൻ, സെക്രട്ടറി ഡോ. ഷെറിൻ ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

ശാഖയിലെ മുതീർന്ന അംഗവും ശ്രീനാരായണ കേന്ദ്ര മുൻ ജനറൽ സെക്രട്ടറിയുമായ എസ് കെ കുട്ടിയെയും കളരിപ്പയറ്റിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അതുൽ കൃഷ്ണയെയും ചടങ്ങിൽ ആദരിച്ചു.


ചിങ്ങമാസത്തിലെ ചതയ ദിനമായ ഓഗസ്റ്റ് 20ന് മയൂർ വിഹാർ ഫേസ്2 ലെ പോക്കറ്റ് എയിലുള്ള, പ്രാചീൻ ശിവ് മന്ദിറിൽ ഗുരു സ്മരണ, ഗുരു പുഷ്പാഞ്ജലി, ചതയ പ്രാർഥന എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ഡൽഹി മലയാളി അസോസിയേഷൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ശ്രീധർമ്മ ശാസ്താ സേവാ സമിതി, ശ്രീഅയ്യപ്പ പൂജാ സമിതി, നായർ സർവീസ് സൊസൈറ്റി, വേൾഡ് മലയാളി കൗൺസിൽ, കലാമധുരി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്ട്സ്, എക്യുമെനിക്കൽ ചർച്ച് തുടങ്ങിയ സാംസ്കാരിക, സാമുദായിക സംഘടനാ ഭാരവാഹികളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

ഡൽഹി പോലീസ് സൗത്ത് ഡിസ്ട്രിക്ട്, ടീം കോർഡിനേറ്റർ സുനിത അജയകുമാർ, പുഷ്പ വിഹാറിന്റെ നേതൃത്വത്തിൽ നൃത്യാഞ്ജലി, അവതരിപ്പിച്ച കൈകൊട്ടിക്കളി അവതരണ ഭംഗികൊണ്ട് ശ്രദ്ധേയമായി. തുടർന്ന് ശാഖയിലെ അദിതി പദ്മൻ, നൈറാ സൗരഭ്, ശ്രീനിധി എസ് ബിജു, അനിക, വർണികാ വിനീത് എന്നീ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. മനോജ് ജോർജ്ജ്, സൗപർണികാ സന്തോഷ്, ദേവിക മേനോൻ, പി ടി സുജയ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ചതയ സദ്യയോടെ പരിപാടികൾ സമാപിച്ചു.