ലാന സമ്മേളനത്തിനു തിരി തെളിഞ്ഞു
Saturday, October 7, 2017 8:11 AM IST
ന്യൂയോർക്ക്: വാക്കുകൾ വിലയ്ക്കുവാങ്ങേണ്ട അവസ്ഥയിലേക്കു മലയാള ഭാഷ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്നു പ്രശസ്ത സാഹിത്യകാരൻ പി.എഫ്. മാത്യൂസ്. കുയിലിന്‍റെ തുകിലുണർത്തലും അടയ്ക്കാ കിളിയുടെ ചിലയ്ക്കലും തവളയുടെ കരച്ചിലുമൊന്നും ഇന്നു സാഹിത്യകാര·ാരെ പ്രചോദിപ്പിക്കുന്നില്ല. അവയൊക്കെ അന്യംനിന്ന സ്ഥിതിയാണിപ്പോൾ. കേരളം ഒരു മഹാനഗരമായിരിക്കുന്നു. എല്ലാം ഏതാണ്ട് വറ്റി വരണ്ടിരിക്കുന്നു ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പത്താം ദ്വൈവാർഷികം ഫ്ളോറൽ പാർക്കിൽ ടൈസൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സാഹിത്യ സമ്മേളനത്തിനു തല നരച്ചുവരെ മാത്രമേ നാട്ടിൽ കാണാറുള്ളൂ. ഇവിടെ മധ്യവയസ്കരേയും ചെറുപ്പക്കാരേയും കാണുന്നത് ശുഭോദർക്കമാണ്. പ്രതീക്ഷ നൽകുന്ന ഒന്നിലേറെ സാഹിത്യകാര·ാർ സമ്മേളനത്തിൽ പങ്കെടുക്കുന്നു എന്നതിൽ സന്തോഷമുണ്ട്.

ജീവസന്ധാരണത്തിനു ഉപകരിക്കാത്ത ഭാഷയായി മലയാളം മാറിയിരിക്കുന്നു. ഭാഷ ഇല്ലാതായാൽ നാടുതന്നെ ഇല്ലാതാകും. ഗ്രീസിൽ നിന്നു ഇറ്റലിയിലേക്കു നാടുകടത്തപ്പെട്ട ഒരാൾ രാജ്യത്തിന്‍റെ ഐക്യം പുനഃസ്ഥാപിക്കാൻ ഭാഷ ആവശ്യമെന്നു കരുതുന്ന സിനിമാ രംഗം അദ്ദേഹം അനുസ്മരിച്ചു. എഴുതാൻ അയാൾ നോക്കുന്പോൾ വാക്കുകൾ അറിയില്ല. ഒടുവിലയാൾ പണിക്കാരുടേയും താഴേയ്ക്കിടയിലുള്ളവരുടേയും അടുത്തുചെന്ന് ഭാഷ പഠിക്കുകയും വാക്കുകൾ വിലകൊടുത്ത് വാങ്ങുകയുമാണ്.

ഭാഷയും സാഹിത്യവുമാണ് നമ്മെ ഒന്നിപ്പിക്കുന്നതെന്ന് ഉംബർട്ടോ എക്കോയും പറഞ്ഞിട്ടുണ്ട്. ആധ്യാത്മ രാമായണത്തിന്‍റെ അടിസ്ഥാനം ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ മലയാള ഭാഷ എങ്ങനെ ആയിരിക്കുമെന്ന് ആർക്കറിയാം?

കുറെ കാലമായി ഗഹനമായ സൃഷ്ടികൾ മലയാളത്തിൽ ഉണ്ടാവുന്നില്ല. അമേരിക്കയിൽ എഴുപതുകളിലും മറ്റും വന്നവർ തീവ്രമായ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. എന്നിട്ടും മഹത്തായ സൃഷ്ടികൾ ഉണ്ടാകുന്നില്ല. അതു അമേരിക്കയിലേയോ, ഗൾഫിലേയോ അവസ്ഥയല്ല. കേരളത്തിലെ സ്ഥിതിയും അതുതന്നെയാണ് - പി.എഫ്. മാത്യൂസ് പറഞ്ഞു.

ലാന സെക്രട്ടറി ജെ. മാത്യൂസ് ആമുഖ പ്രസംഗം നടത്തി. പ്രസിഡന്‍റ് ജോസ് ഓച്ചാലിൽ ലാനയുടെ ഇതേവരെയുള്ള നേട്ടങ്ങൾ വിലയിരുത്തി.

ഷാജൻ ആനിത്തോട്ടം, മനോഹർ തോമസ്, ഏബ്രഹാം തെക്കെമുറി, ട്രഷറർ ജോസൻ ജോർജ്, പ്രിൻസ് മാർക്കോസ്, ബാബു പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. പ്രതീക്ഷ സന്തോഷ് കവിതയും സിബി ഡേവിഡ് ഗാനവും ആലപിച്ചു.

രാത്രി നടന്ന ചൊൽക്കാഴ്ചയിൽ ഒട്ടേറെ പേർ കവിതകളവതരിപ്പിച്ചു. ഗീതാ രാജനായിരുന്നു മോഡറേറ്റർ. ജോസൻ ജോർജ് അധ്യക്ഷത വഹിച്ചു. രാജു തോമസ് നന്ദി പറഞ്ഞു.

രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ഒന്പതിന് കവിതാവതരണം, മലയാള കവിതകളുടെ പുതുവഴികൾ. 11ന് കവിതാ സംവാദം. മലയാള കവിതകളുടെ സൈബർ ഇടങ്ങൾ. 1.30 ന് ചെറുകഥയിലെ നൂതന രചനാതന്ത്രങ്ങൾ. 3.30ന് മലയാള നോവൽ സാഹിത്യം 2000ത്തിനുശേഷം. 5.30ന് തെരഞ്ഞെടുത്ത പ്രഭാഷണങ്ങൾ. 7.30ന് പുസ്തക പരിചയം എന്നിവ നടക്കും. സമ്മേളനം ഞായറാഴ്ചയും തുടരും.

റിപ്പോർട്ട്: ജോസ് കാടാപ്പുറം