ഹോളിവുഡ് ലൊക്കേഷനിൽ നിന്നും മലയാളം മിനി മൂവി കിവുഡ
Tuesday, June 5, 2018 1:41 AM IST
ബ്രിസ്ബേൻ: ഹോളിവുഡ് മൂവികളുടെ ഇഷ്ടലൊക്കേഷനായി മാറിയ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നിന്നും ഒരു മലയാളം മിനി മൂവി. നവാഗതനായ ഡോ. വിജയ് മഹാദേവൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന സിംപോളിക് ത്രില്ലർ ചിത്രം കിവുഡയുടെ പുതുമകൾ ഇതുകൊണ്ട് മാത്രം തീരുന്നില്ല. ഓസ്ട്രേലിയ ന്യൂസിലൻഡ് താരങ്ങൾക്കൊപ്പം ഒരു പോലീസ് ഓഫീസറും ചിത്രത്തിൽ വേഷമിടുന്നു.

ഗോൾഡ് കോസ്റ്റിനു പുറമെ ഇന്ത്യയിലും ദുബായിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം, സൗണ്ട്, കളർ ഗ്രേഡിംഗ് തുടങ്ങിയവ നിർവഹിച്ച സാങ്കേതിക പ്രവർത്തകരിൽ ഭൂരിഭാഗവും യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇതുകൊണ്ടു തന്നെ വൻകിട ചിത്രങ്ങളുടെ ബജറ്റിലാണ് ചിത്രം പുറത്തിറങ്ങുക. ലോകത്തെ നടുക്കിയ കൂട്ടക്കുരുതി ആധാരമാക്കി രചിച്ച ചിത്രത്തിന്‍റെ പേരിലുമുണ്ട് പുതുമ. കാനഡയിൽ ബധിരൻ എന്ന് അർഥം വരുന്ന കിവുഡ എന്നാണ് പേരിട്ടിരിക്കുന്നത്.

ഓസ്ട്രേലിയയിലെ മെഡിക്കൽ സെപ്ഷലൈസ്ഡ് ഫെല്ലോഷിപ്പ് എക്സാമിൽ ടോപ്പ് സ്കോറിൽ അവാർഡ് നേടിയ ഏക മലയാളി എന്ന നിലയിൽ ശ്രദ്ധേയനാണ് ഡോ. വിജയ്. ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ് ഫെയിം പ്രവീണ്‍ പ്രഭാകരാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

പ്രതിഭാധനരായ ഒരു സംഘം പ്രഫഷണലുകളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ചിത്രത്തിന് ഒന്നേകാൽ മണിക്കൂറോളം ദൈർഘ്യമുണ്ട്. ഓസ്ട്രേലിയൻ സ്കൂൾ ഓഫ് ഇന്ത്യൻ ആർട്സ് (ASIA) ഉം വണ്‍ ഡ്രോപ് ക്രിയേഷനും ചേർന്നാണ് ചിത്രം നിർരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും ഇംഗ്ലീഷിലും ചിത്രം റിലീസ് ചെയ്യുമെന്ന് ഏഷ്യാ ഡയറക്ടർ ഡോ. അമീർ ഹംസ പറഞ്ഞു.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്