ഓണാഘോഷം പ്രളയബാധിതർക്ക് സമർപ്പിച്ച് ഓം
Wednesday, September 12, 2018 8:39 PM IST
ലോസ് ആഞ്ചലസ് : ഈവർഷത്തെ ഓണം - ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ കേരളത്തിലെ പ്രളയബാധിതർക്കുസമർപ്പിച്ചു ലോസ് ആഞ്ചലസ് മലയാളികൾ മാതൃകയായി.

കലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി (ഓം ) സാണ് ഈവർഷത്തെ ഓണം - ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ പരിപാടികളിലെ മുഴുവൻ വരുമാനവും പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന ചെയ്തത്.

സെപ്റ്റംബർ എട്ടിന് നോർവാക്കിലെ സനാതന ധർമ ക്ഷേത്ര ഹാളിൽ നടത്തിയ ലളിതമായ ആഘോഷങ്ങളുടെ ചെലവുകളെല്ലാം തന്നെ വിവിധ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വഹിച്ചതോടെ പരിപാടിയിൽനിന്നുലഭിച്ച മുഴുവൻ തുകയും ദുരിതാശ്വാസത്തിനു നൽകാൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

മുഖ്യാഥിതിയായ നിധിൻഷായും ട്രാൻസാഡിയ ഫൗണ്ടേഷൻ സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ ബി.യു പട്ടേലും ചേർന്നു നിലവിളക്കു തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. രമ നായരുടെ സ്വാഗതം ആശംസിച്ചു. തുടർന്നു തിരുവാതിര, ഓണപ്പാട്ട്, ലളിതഗാനം, ഭരതനാട്യം, ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

കേരളത്തിലെ പ്രളയ ദൃശ്യങ്ങളുടെ വീഡിയോ ഷോയ്ക്കുശേഷം കേരളത്തിന്‍റെ ആധ്യാത്മിക സാമൂഹിക രംഗങ്ങളിൽ ശ്രീനാരായണ ഗുരുവിന്‍റേയും ചട്ടമ്പി സ്വാമികളുടേയും സ്വാധീനത്തെ കുറിച്ച് ജി.കെ. നായർ സംസാരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ സുമനസുകൾക്കു ഓം പ്രസിഡന്‍റ് രമ നായർ, ഡയറക്ടർ രവി വെള്ളത്തിരി, ജോയിന്‍റ് സെക്രട്ടറി ജയ് മേനോൻ എന്നിവർ നന്ദി പറഞ്ഞു. ജിജു പുരുഷോത്തമനൊരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷങ്ങളുടെ മാറ്റുകൂട്ടി.

മുഖ്യതിഥി നിധിൻഷാ, സ്‌പോൺസർമാരായ ബി യു പട്ടേൽ, റിയൽ എസ്‌റ്റേറ്റർ മാത്യു തോമസ്, നമസ്തേ പ്ലാസ ഉടമ നന്ദ കിഷോർ ചിട്ടിപ്പള്ളി, ഇന്തോ അമേരിക്കൻ കാറ്ററിംഗ് ഉടമ ജിജു പുരുഷോത്തമൻ എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും സുരേഷ് എഞ്ചൂർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സാൻഡി പ്രസാദ്