സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി
Thursday, October 18, 2018 12:17 PM IST
ഡാളസ്: സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ജാക്കോബൈറ്റ് സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലിലെ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനോയുടെ ഓര്‍മപ്പെരുന്നാളിനു തുടക്കമായി.

ഒക്‌ടോബര്‍ 14-നു ഞായറാഴ്ച വി. കുര്‍ബാനാനന്തരം അസിസ്റ്റന്റ് വികാരി റവ.ഫാ.ഡോ. രഞ്ജന്‍ മാത്യുവിന്റേയും, ഒട്ടനവധി വിശ്വാസികളുടേയും സാന്നിധ്യത്തില്‍ ചെണ്‍-വാദ്യമേളങ്ങളുടെ അകമ്പടിയോടെ, പ്രാര്‍ഥനാ ഗാനാലാപനത്താല്‍, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വികാരി റവ.ഫാ. യല്‍ദോ പൈലി തിരുനാള്‍ കൊടി ഉയര്‍ത്തിയതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചു.

19-നു വെള്ളിയാഴ്ച വൈകിട്ട് 6.15-നു സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്നു ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം നടക്കും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കലാപരിപാടികളുടെ അവസാനഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ലോകരക്ഷകനായ ക്രിസ്തുദേവന് ജന്മം നല്‍കിയ പരിശുദ്ധ ദൈവമാതാവിന്റെ ബാല്യംമുതല്‍ സ്വാര്‍ഗാരോപണം വരെയുള്ള സംഭവബഹുലമായ ജീവിതകഥ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന നാടകാവിഷ്‌കാരം ഈവര്‍ഷത്തെ കള്‍ച്ചറല്‍ പ്രോഗ്രാമിലെ ഒരു മികച്ച ഇനമായിരിക്കും.

20-നു ശനിയാഴ്ച വൈകിട്ട് 6.15-നു അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയ്ക്കു സ്വീകരണവും, 6.30-നു സന്ധ്യാപ്രാര്‍ഥനയും നടക്കും. റാസയെ തുടര്‍ന്നു പ്രഗത്ഭ സുവിശേഷ പ്രാംഗീകനായ റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് (വികാരി, സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍, ഫിലഡല്‍ഫിയ)വചന പ്രഘോഷണവും നടക്കും. പെരുന്നാളിന്റെ ആദ്യാവസാനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹീത സാന്നിധ്യമുണ്ടായിരിക്കുന്നതാണ്.

പെരുന്നാളിന്റെ പ്രധാന ദിവസമായ ഞായറാഴ്ച അഭി. മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തിലും, ബ. വൈദീകരുടെ സഹകാര്‍മികത്വത്തിലും വി. മൂന്നിന്‍മേല്‍ കുര്‍ബാന നടത്തപ്പെടുന്നതാണ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ മുത്തുക്കുട, കൊടി, വര്‍ണക്കുട തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി ചെണ്ട-വാദ്യമേളങ്ങളോടെ കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ അടുക്കുംചിട്ടയുമായി നടത്തപ്പെടുന്ന വര്‍ണശബളമായ റാസയില്‍ ഇടവകയിലേയും, സമീപ ഇടവകകളിലേയും നൂറുകണക്കിനു വിശ്വാസികള്‍ പങ്കുചേരും.

ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത് ഡോ. ധനൂപ് വര്‍ഗീസ്, ജോര്‍ജ് കറുത്തേടത്ത്, ജയിംസ് മാത്യു, പ്രമോദ് മാത്യു, സുഷാന്ത് മാത്യു എന്നിവരും അവരുടെ കുടുംബാംഗങ്ങളുമാണ്.

മഹാപരിശുദ്ധനായ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനയുടെ മധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു. പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍