സെനറ്റിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പ് ഇരുപാർട്ടികൾക്കും നിർണായകം
Saturday, October 20, 2018 5:46 PM IST
ന്യൂയോർക്ക്: നവംബർ ആറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ 33 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് റിപ്പബ്ലിക്കൻ പാർട്ടിയേയും ഡമോക്രാറ്റിക് പാർട്ടിയേയും സംബന്ധിച്ചു വളരെ നിർണായകമാണ്.

മിനിസോട്ടാ മിസിസിപ്പി തുടങ്ങിയ സീറ്റുകളിലും സ്പെഷൽ ഇലക്‌ഷൻ നടക്കുന്നുണ്ട്. നിലവിൽ റിപ്പബ്ലിക്കന് 51 ഉം ഡമോക്രാറ്റിന് 49 സീറ്റുകളുമാണുള്ളത്. (രണ്ടുസ്വതന്ത്രർ ഉൾപ്പെടെ). ഇപ്പോൾ ഡമോക്രാറ്റുകൾ കൈവശം വച്ചിരിക്കുന്ന 26 സീറ്റുകളിലേക്കാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രണ്ടു സീറ്റുകൾ ഡമോക്രാറ്റിക് പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സ്വതന്ത്രന്മാരുടേതാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലുള്ള ഒന്പത് സെനറ്റ് സീറ്റുകളിലേക്കും മത്സരം നടക്കുന്നുണ്ട്.

2016 ൽ ട്രംപിനോടൊപ്പം നിന്ന സംസ്ഥാനങ്ങളിൽ 10 ഡമോക്രാറ്റിക് സ്ഥാനാർഥികൾ ജനവിധി തേടുമ്പോൾ, ഹില്ലരി ക്ലിന്‍റൺ വിജയിച്ച ന്യൂയോർക്കിലെ സെനറ്റ് സീറ്റിൽ മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടി കടുത്ത മത്സരം നേരിടുന്നത്. ട്രംപ് ജയിച്ച സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാർഥികൾ വിജയിച്ചു കയറണമെങ്കിൽ കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും.

സുപ്രീം കോടതി നിയമന വിഷയത്തിൽ ഡമോക്രാറ്റിക് പാർട്ടി സ്വീകരിച്ച നിലപാട് പാർട്ടിക്ക് ദോഷം ചെയ്തിട്ടുണ്ടെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ന്യൂയോർക്ക് സെനറ്റ് സീറ്റിൽ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാർഥിയെ പരാജയപ്പെടുത്തുക എന്നതു റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന ലക്ഷ്യമാണെങ്കിലും അതു തീർത്തും അസാധ്യമാണെന്നാണു സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിക്ക് സെനറ്റിൽ ഭൂരിപക്ഷം ലഭിക്കണമെങ്കിൽ മത്സരിക്കുന്ന 26 സീറ്റുകളിലും വിജയിക്കുകയും റിപ്പബ്ലിക്കൻ സീറ്റുകളിൽ രണ്ടണ്ണമെങ്കിലും പിടിച്ചെടുക്കുകയും വേണം. ഇതു തീർത്തും അസാധ്യമായതിനാൽ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിൽ ഭൂരിപക്ഷം നേടുമെന്നാണു കണക്കുകൂട്ടൽ.

റിപ്പോർട്ട്: പി.പി. ചെറിയാൻ