സീറോ മലബാർ നാഷണൽ കണ്‍വൻഷൻ: ഫിലഡൽഫിയയിൽ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു
Tuesday, October 23, 2018 8:08 PM IST
ഫിലഡൽഫിയ: ഹൂസ്റ്റണിൽ 2019 ഓഗസ്റ്റ് 1 മുതൽ 4 വരെ നടക്കുന്ന ഏഴാമതു സീറോമലബാർ നാഷണൽ കണ്‍വൻഷന്‍റെ ഫൊറോനാതല രജിസ്ട്രേഷൻ കിക്ക് ഓഫ് ഒക്ടോബർ 14 ന് ഫിലഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ പള്ളിയിൽ നടന്നു.

രാവിലെ വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ എസ്എംസിസി സ്ഥാപകനേതാവ് ജോർജ് മാത്യു സിപിഎയുടെ പക്കൽനിന്നും സിൽവർ സ്പോണ്‍സർഷിപ് സ്വീകരിച്ചുകൊണ്ട് ഷിക്കാഗോ രൂപതാ സഹായമെത്രാനും കണ്‍വൻഷൻ ജനറൽ കണ്‍വീനറുമായ മാർ ജോയ് ആലപ്പാട്ട് കിക്ക് ഓഫ് കർമം നിർവഹിച്ചു.

ഹൂസ്റ്റണിൽനിന്നും എത്തിയ കണ്‍വൻഷൻ ഭാരവാഹികൾക്കൊപ്പം കൈക്കാരന്മാരായ ജോസ് തോമസ്, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, റോഷിൻ പ്ലാമൂട്ടിൽ എന്നിവരും ഇടവകയിൽനിന്നും കണ്‍വൻഷൻ കമ്മിറ്റി അംഗങ്ങളായ ജോർജ് വി. ജോർജ് (സണ്ണി), അഭിലാഷ് രാജൻ, അമയ ജോർജ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ, സൺണ്ടേ സ്കൂൾ അധ്യാപകരായ ജേക്കബ് ചാക്കോ, ജോസ് മാളേയ്ക്കൽ, മുൻ സ്കൂൾ ഡിആർഇ ഡോ. ജയിംസ് കുറിച്ചി, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, സംഘടനാ ഭാരവാഹികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇരുപതിലധികം കുടുംബങ്ങൾ ചടങ്ങിൽ രജിസ്ട്രേഷൻ ചെയ്തു. കണ്‍വൻഷനോടനുബന്ധിച്ച് നടത്തപ്പെടുന്ന റാഫിളിന്‍റെ ഉദ്ഘാടനവും റോയ് വർഗീസിൽനിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് മാർ ആലപ്പാട്ട് നിർവഹിച്ചു.

ആമുഖ പ്രസംഗത്തിൽ മാർ ജോയ് ആലപ്പാട്ട് കണ്‍വൻഷന്‍റെ പ്രാധാന്യം എടുത്തു പറഞ്ഞു. അമേരിക്കയിലുടനീളം വ്യാപിച്ചുകിടക്കുന്ന സീറോ മലബാർ വിശ്വാസികൾക്ക് ഒരുമിക്കുന്നതിനും തങ്ങളുടെ വിശ്വാസ പാരന്പര്യത്തിലൂന്നി സ്നേഹത്തിൽ വളരുന്നതിനും കണ്‍വൻഷൻ പ്രയോജനപ്പെടുമെന്ന് അഭിപ്രായപ്പെട്ടു.

ഷിക്കാഗോ രൂപത അമേരിക്കയിൽ സ്ഥാപിതമാകുന്നതിനു മുൻപ് 1999 ൽ അത്മായർ നേതൃത്വം നൽകി ഫിലഡൽഫിയായിൽ നടത്തപ്പെട്ട ആദ്യ സീറോമലബാർ കണ്‍വൻഷനിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് പിന്നീട് രൂപതാതലത്തിൽ കണ്‍വൻഷൻ നടത്താൻ ആരംഭിച്ചതെന്ന് പിതാവ് ഉൗന്നിപ്പറഞ്ഞു. അതിനുമുൻകൈ എടുത്ത ജോർജ് മാത്യു, ഡോ. ജയിംസ് കുറിച്ചി എന്നിവരെ മാർ ആലപ്പാട്ട് അഭിനന്ദിച്ചു. സീറോ മലബാർ കൂട്ടായ്മയുടെ ആവശ്യം മനസിലാക്കി എല്ലാ കുടുംബങ്ങളും കണ്‍വൻഷനിൽ രജിസ്റ്റർ ചെയ്യണമെന്ന് ഹൂസ്റ്റണിൽനിന്നും എത്തിയ ഭാരവാഹികൾ അഭ്യർഥിച്ചു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ