ഡാകാ പദ്ധതി ഉടൻ അവസാനിപ്പിക്കരുത് : കോടതി
Saturday, November 10, 2018 1:15 AM IST
സാൻഫ്രാൻസിസ്കോ: ഡിഫേർഡ് ആക്‌ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡാകാ) പദ്ധതി ഉടനടി അവസാനിപ്പിക്കരുതെന്ന് ട്രംപ് ഭരണകൂടത്തിന് യുഎസ് സർക്യൂട്ട് കോടതി ഉത്തരവു നൽകി.

ഡാകാ പദ്ധതി അവസാനിപ്പിക്കുന്നതിനെതിരെ കോടതി നൽകിയ താത്കാലിക നിരോധനം തുടരാനാണ് കോടിതി ഉത്തരവിട്ടിരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന 7,000 ത്തിലധികം ഇന്ത്യൻ അമേരിക്കൻ യുവജനങ്ങൾക്കാണ് ഈ ഉത്തരവ് താൽക്കാലിക ആശ്വാസം നൽകുന്നത്. ഇവരിൽ ഭൂരിപക്ഷവും വളരെ ചെറുപ്പത്തിൽ അമേരിക്കയിൽ എത്തിയവരാണ്.

സർക്യൂട്ട് ജഡ്ജ് കിം വാർഡ് ലൊ കലിഫോർണിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച അപേക്ഷ താൽക്കാലികമായി അംഗീകരിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള അനുമതി നൽകി.

ഇമിഗ്രേഷൻ നിയമം സംബന്ധിച്ച് പ്രസിഡന്‍റിന്‍റെ അധികാരത്തിൽ ഇടപെടാൻ താൽപര്യമില്ലെന്നും എന്നാൽ പൊതുജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കുന്നതിനു ഭരണകൂടം ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ വർഷം ഡാകാ പദ്ധതി അവസാനിപ്പിക്കുവാൻ തീരുമാനിച്ചതു ടെക്സസ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ ലൊ സ്യൂട്ട് ഫയൽ ചെയ്യുമെന്ന് ഭീഷിണിപ്പെടുത്തിയതു കൊണ്ടാണെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു. ആവശ്യമായ രേഖകൾ ഇല്ലാതെ കുട്ടികളുമായി അമേരിക്കയിൽ എത്തുകയും വീസ കാലവധി കഴിഞ്ഞു ഇവിടെ താമസിക്കുകയും ചെയ്യുന്ന 700,000 പേരെ സംരക്ഷിക്കുന്നതിനാണ് ഡാകാ പദ്ധതിക്ക് ഒബാമ ഭരണകൂടം രൂപം നൽകിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ