ഇസ്രയേൽ പൗരന്മാർക്കെതിരെ ഹമാസ് അതിക്രമം ; യുഎസ് പ്രമേയം യുഎൻ തള്ളി
Saturday, December 8, 2018 5:03 PM IST
വാഷിംഗ്ടൺ: ഇസ്രയേൽ പൗരന്മർക്കെതിരെ ഭീകര സംഘടനയായ ഹമാസ് നടത്തുന്ന അക്രമങ്ങളെ അപലപിച്ചുകൊണ്ട് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിൽ, യുഎസ് അവതരിപ്പിച്ച പ്രമേയം മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടർന്ന് പരാജയപ്പെട്ടു.

ഡിസംബർ ആറിനാണ് പ്രമേയം ചർച്ചയ്ക്കെടുത്തത്. 193 അംഗ അസംബ്ലിയിൽ 87 രാജ്യങ്ങൾ അനുകൂലിച്ചു. 57 പേർ എതിർത്തും വോട്ടു ചെയ്തപ്പോൾ 33 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. യുഎൻ അസംബ്ലിയിൽ ഹമാസിനെതിരെ യുഎസ് കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. പൈശാചിക അക്രമങ്ങൾക്കെതിരെ നിങ്ങൾ പ്രകടിപ്പിച്ച നിശബ്ദത, നിങ്ങളുടെ തനിനിറം വെളിപ്പെടുത്തുന്നതാണെന്ന് വോട്ടിൽ പങ്കെടുക്കാതെ മാറി നിന്ന അംഗ രാഷ്ട്രങ്ങളെ വിമർശിച്ചുകൊണ്ടു ഇസ്രയേൽ അംബാസഡർ ഡാനി ഡാനൻ പറഞ്ഞു.

ഹമാസിന്‍റെ അക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം പാസാക്കി ചരിത്രത്തിന്‍റെ ഭാഗമാകണമെന്ന് യുഎസ് അംബാസഡർ നിക്കി ഹേലിയുടെ അഭ്യർഥനയും ഫലവത്തായില്ല. ഭൂരിപക്ഷം അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചതിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നന്ദി അറയിച്ചു. പാലസ്തീൻ പ്രസിഡന്‍റ് മെഹമുദ് അബാസ് പ്രമേയം പരാജയപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ചു. ട്രംപിന്‍റെ മുഖത്തേറ്റ കടുത്ത പ്രഹരമാണിതെന്ന് ഹമാസ് വക്താവ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ