ഡോ. മാർ ഫിലക്സിനോസിന്‍റെ എപ്പിസ്‌കോപ്പൽ രജത ജൂബിലിയുടെ സമർപ്പണമായി പുസ്തകം പ്രകാശനം ചെയ്തു
Friday, January 11, 2019 6:40 PM IST
അറ്റ്ലാന്‍റ: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്‍റെ മേൽപട്ടത്വ ശ്രുശ്രുഷയുടെ രജത ജൂബിലിയുടെ സമർപ്പണമായി ഭദ്രാസനം ആൻ എക്യൂമെനിക്കൽ ജേർണി ടുവെഡ്സ് ട്രാൻസ്ഫോർമേഷൻ (An Ecumenical Journey Towards Transformation) എന്ന പുസ്തകം പ്രകാശനം ചെയ്തു.

അറ്റ്‌ലാന്‍റ കാർമൽ മാർത്തോമ്മ സെന്‍ററിന്‍റെ കൂദാശയോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിൽ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത പുസ്തകം പ്രകാശനം ചെയ്തു. ഭദ്രാസന ലീഗൽ അഡ്വൈസറും എഡിറ്റോറിയൽ അംഗവുമായ അറ്റോർണി ലാൽ വർഗീസ് ആണ് ചടങ്ങിനായി മെത്രാപ്പോലീത്തായെ ക്ഷണിച്ചത്.

കാലോചിത ദൗത്യത്തിന്‍റെ ദൈവീക ദർശനമായി ഇടയപരിപാലനത്തിന്‍റെ ശ്രേഷ്ടതയിൽ സാമൂഹിക നീതിയുടെയും സമാധാനത്തിന്‍റേയും കർമ്മനിരതമായ നിതാന്ത പരിശ്രമത്തിന്‍റേയും സാക്ഷ്യപത്രമായിട്ടാണ് ഈ സമാഹാരം അടയാളപ്പെടുത്തുന്നത്. സഭാ ഐക്യപ്രസ്ഥാനങ്ങളുടെ സമഗ്രമായ വളർച്ചയെ മാനവികതയുടെ ഐക്യമായി വിളംബരം ചെയ്യുന്ന സവിശേഷമായ ചിന്തകൾക്കുള്ള അംഗീകാരം കൂടിയാണ് പുസ്തകം.

ഡോ.മാർ ഫിലക്സിനോസിനോടൊപ്പം പ്രവർത്തിച്ചവരും അകലെ നിന്ന് വീക്ഷിച്ചവരുമായവരുടെ ഓർമകളും പ്രതികരണങ്ങളും സമർപ്പണവും അടങ്ങുന്ന വ്യക്തി വൈഭവത്തിന്‍റെ അനുഭവ കുറിപ്പുകളാണ് പുസ്തകത്തിന്‍റെ ഒന്നാം ഭാഗം. സഭാഐക്യ തീർഥയാത്രയുടെ രൂപാന്തരീകരണത്തിലൂടെ സാധ്യമാകുന്ന ദൈവരാജ്യ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തെക്കുറിച്ച് ആഴമായി പഠനം നടത്തുന്ന ദൈവ ശാസ്ത്രജ്ഞൻമാരുടെയും സഭാഐക്യപ്രസ്ഥാനങ്ങളിലെ അഗ്രഗണ്യരായ നേതാക്കളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുന്നതാണ് രണ്ടാം ഭാഗം.

ഭദ്രാസന സെക്രട്ടറിയും ബിഷപ് സെക്രട്ടറിയും ചിന്തകനും, വാഗ്മിയും ആയ റവ.മനോജ് ഇടിക്കുള, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ പ്രഫസറും റീനൽ ആൻഡ് ട്രാൻസ്‌പ്ലാന്‍റേഷൻ ഇമ്യൂണോളജി റിസർച്ച് സെന്‍ററിന്‍റെ ഡയറക്ടറും നിരവധി മെഡിക്കൽ സയന്‍റിഫിക് ജേർണലുകളുടെ രചയിതാവുമായ ഡോ.സാക് വർഗീസ്, ടെക്‌സസിലെ പ്രമുഖ അറ്റേർണിയായ ലാൽ വർഗീസ് എന്നിവരാണ് പുസ്തകത്തിന്‍റെ എഡിറ്റർമാരായി പ്രവർത്തിച്ചത്.

റിപ്പോർട്ട്: ഷാജി രാമപുരം