യുഎസ് നേവൽ ബേസിന്‍റെ ചിത്രം പകർത്തിയതിന് ചൈനീസ് വിദ്യാർഥിക്ക് തടവ്
Thursday, February 21, 2019 9:41 PM IST
ഫ്ളോറിഡ: സമ്മർ എക്സ്ചേഞ്ചിന്‍റെ ഭാഗമായി നോർത്ത് യൂണിവേഴ്സിറ്റി ഓഫ് ചൈനയിൽ നിന്നും അമേരിക്കയിൽ എത്തിയ ചൈനീസ് വിദ്യാർഥിയെ നേവൽ ബേസിന്‍റെ ചിത്രം പകർത്തിയ കുറ്റത്തിന് ഫ്ളോറിഡ ഫെഡറൽ ജഡ്ജി ഫെബ്രുവരി ഒരു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.

വെസ്റ്റ് നോവൽ എയർ സ്റ്റേഷന്‍റെ ചുറ്റും നടക്കുന്നതിനിടയിൽ തന്‍റെ കൈയിലുണ്ടായിരുന്ന സെൽഫോണിലും കാമറയിലുമാണ് ചിത്രം പകർത്തിയത്. കാര്യത്തിന്‍റെ ഗൗരവം മനസിലാക്കാതെയാണ് സാഹൊ (20) എന്ന വിദ്യാർഥി ചിത്രമെടുത്തത്. നോവൽ ബേസ് ഫെൻസ് കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും കാമറ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഏർപ്പെടുത്തിയിരുന്ന വിവരം വിദ്യാർഥിക്കറിയില്ലായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല.

അമേരിക്കയുടെ ഇന്‍റലിജൻസ് ടെക്നോളജിയെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കുന്നതിന് ചൈനീസ് ഗവൺമെന്‍റ് യുവാക്കളെ ചാരന്മാരായി അയയ്ക്കുന്ന സാഹചര്യം നിലനിൽക്കുന്നതാണ് ശിക്ഷ ഇത്രയും കടുത്തതാകാൻ കാരണം. നിരോധിത മേഖലകളിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നവർക്ക് വലിയൊരു മുന്നറിയിപ്പാണ് ചൈനീസ് വിദ്യാർഥിക്ക് ലഭിച്ച ശിക്ഷ.

റിപ്പോർട്ട്: പി.പി. ചെറിയാൻ