മികച്ച ബാലതാരത്തിനുള്ള കേരള സർക്കാരിന്‍റെ പുരസ്കാരം റിഥുൻ ഗുജ്ജക്ക്
Monday, March 18, 2019 7:48 PM IST
ഡെലവെയർ: അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളി ബാലന് കേരള സർക്കാരിന്‍റെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം. "അപ്പുവിന്‍റെ സത്യാന്വേഷണം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റിഥുൻ ഗുജ്ജക്ക് പുരസ്കാരം ലഭിച്ചത്.

റിഥുനും അമ്മ സിമി സൈമണുമായി ലേഖകൻ നടത്തിയ അഭിമുഖത്തിൽനിന്ന്

ചോ: കേരളാ സർക്കാരിന്‍റെ മികച്ച ബാലതാരമായി തിരഞ്ഞെടുത്ത റിഥുനെ ഒന്നു പരിചയപ്പെടുത്താമോ?

മുഴുവൻ പേര് റിഥുൻ ഗുജ്ജ. അമേരിക്കയിൽ ഡെലവെയർ സംസ്ഥാനത്ത് താമസിക്കുന്നു. ഡെലവെയർ ഓഡിസി ചാർട്ടർ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നു.

ചോ: എങ്ങനെയാണ് ഈ അസുലഭ അവസരം ലഭിച്ചത്? ആരുടെയൊക്കെ സഹായങ്ങളും ആശിർവാദങ്ങളുമാണ് ലഭിച്ചത്?

മലയാളികളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്‍റെ സമ്മേളനത്തിന്‍റെ ഭാഗമായി അപ്പുവിന്‍റെ സത്യാന്വേഷണം എന്ന ഈ ചിത്രത്തിന്‍റെ പ്രൊഡ്യൂസർ എ.വി. അനൂപും സുഹൃത്തു വിജയനും ഡെലവെയറിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയായ സഖറിയാസ് പെരിയപുറത്തിന്‍റെ വീട്ടിലാണ് താമസിച്ചത്. അവരുടെ സംസാരത്തിനിടയിൽ അടുത്ത പ്രോജക്റ്റ് ഒരു കുട്ടികളുടെ ചിത്രമാണെന്നും അതിൽ അഭിനയിക്കാൻ ഒരു പുതുമുഖ ബാലനെ നോക്കുന്നുണ്ടെന്നും പറഞ്ഞു. അപ്പോൾ തന്നെ സഖറിയാസ് തന്‍റെ കുടുംബ സുഹൃത്തായ പവിത്രന്‍റെ മകൻ റിഥുന്‍റെ പേര് നിർദ്ദേശിക്കുകയും ശേഷം ഞങ്ങളോട് സംസാരിക്കുകയും എ.വി.അനൂപിന്‍റെ നിർദ്ദേശ പ്രകാരം ഒരു വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. അനൂപിന് അത് ഇഷ്ടപ്പെടുകയും ഡയറക്ടർ സോഹൻ ലാലിന് അയച്ചു കൊടുക്കുകയും, തുടർന്ന് അദ്ദേഹം ഓൺലൈനിൽ പലപ്പോഴായി ഓഡിഷൻ നടത്തുകയും റിഥുനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബറിൽ സ്കൂളിൽ പ്രശ്നമൊന്നും ഇല്ലായിരുന്നതുകൊണ്ട്, റിഥുനെന്ന മികച്ച ബാലതാരത്തിലേക്കുള്ള വഴി മലർക്കെ തുറന്നു.

ചോ: റിഥുന്‍റെ കുടുംബാംഗങ്ങളെ ഒന്നു പരിചയപ്പെടുത്തുമോ?

ഡെലവെയറിൽ ഫാർമസി ബിസിനസ് നടത്തുന്ന പവിത്രൻ ഗുജ്ജയാണ് പിതാവ്. തെലുങ്കാനയിലെ വാറങ്കൽ ആണ് സ്വദേശം. കോട്ടയം മാഞ്ഞൂർ സ്വദേശിനിയായ സിമി സൈമണാണ് അമ്മ. ക്രിഷ്യാന കെയർ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്നു. രോഹൻ ഇളയ സഹോദരനാണ്.

ചോ: മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ കുടുംബത്തിൽ ആരെങ്കിലും സിനിമ അഭിനയവുമായി മുൻപ് ബന്ധം ഉണ്ടോ? വീട്ടിൽ ആരാണ് കലാപരമായി കൂടുതൽ അടുപ്പമുള്ളത്? ആരാണ് അഭിനയത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്?

റിഥുന്‍റെ അച്ഛന്റെ വീട്ടുകാർ കൂടുതലും പഠന കാര്യങ്ങളിൽ തത്പരരാണ്. അച്ഛൻ ചിലപ്പോൾ ചിത്ര രചന നടത്താറുണ്ട്. പിന്നേയും കലാപരമായി കുറച്ചെങ്കിലും താത്പര്യം ഉള്ളത് അമ്മ വീട്ടുകാർക്കാണ്. അമ്മ സിമി, ഡെലവെയർ മലയാളി അസോസിയേഷനിൽ ഓണത്തോടനുബന്ധിച്ചു നൃത്തവും പാട്ടുമൊക്കെ വേദികളിൽ ചെയ്തിട്ടുണ്ട്. പക്ഷെ ഒരു തരത്തിലുള്ള അഭിനയ പാരമ്പര്യവും രണ്ടു വീടുകളിലും ഇല്ല എന്ന് അമ്മ സിമി ഓർക്കുന്നു. റിഥുന്‍റെ മുത്തശി, കുടുംബ സദസുകളിൽ മറ്റുള്ളവരെ അനുകരിച്ചു കാണിച്ചിട്ടുള്ളതല്ലാതെ വേറേ അഭിനയ പാരമ്പര്യം ഒന്നും പറയാനില്ല.

ചോ: റിഥുന്‍റെ ഹോബികൾ ?

ആർട്സ് ആൻഡ് ക്രാഫ്റ്റ്സാണ് റിഥുന്‍റെ ഹോബികളിലൊന്ന്. മകൻ വളരെ ക്രിയേറ്റീവ് ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് അമ്മ സിമി ഓർക്കുന്നു. ഇടയ്ക്ക് വരയ്ക്കും പാട്ടും ശിവതാണ്ഡവം മാർഗംകളി തുടങ്ങിയ പരമ്പരാഗതമായ കലകളോട് റിഥുന് ഇഷ്ടമാണ്.

ചോ: റിഥുന്‍റെ സഹോദരൻ രോഹൻ, കലാപരമായി താത്പര്യമുള്ളയാളാണോ?

രോഹന് പാട്ടും നൃത്തവുമൊക്കെ വഴങ്ങും എങ്കിലും വേദികളിൽ കളിച്ചിട്ടില്ല. ഒപ്പം മലയാളം മനസിലാകുമെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടാണ്. കുട്ടികൾ പഠിക്കുന്ന സ്കൂൾ അമേരിക്കൻ സംസ്കാരത്തോടൊപ്പം ഗ്രീക്ക് സംസ്കാരത്തിന് ഊന്നൽ കൊടുക്കുന്ന സ്കൂളാണ്. അതു കൊണ്ടു ഗ്രീക്ക് പഠിക്കാനും കഴിയുന്നുണ്ട്.

ചോ: ഡെലവെയറിൽ ഉള്ള മലയാളി സാംസ്ക്കാരിക സംഘടനകൾ റിഥുനും കുടുംബത്തിനും അവസരങ്ങളും പിന്തുണയും നൽകിയിരുന്നോ?

ഡെലവെയറിൽ മലയാളി സാംസ്കാരിക സംഘടനയായ ഡെൽമ വളരെയധികം സഹായിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ ഒരു വേദിയും ഒപ്പം മലയാള സംസ്കാരത്തെ കൂടുതലായി അറിയുവാനും സഹായിക്കുന്നുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി റിഥുൻ പാട്ടും നൃത്തവുമൊക്കെ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള അവസരങ്ങൾ, സങ്കോചമില്ലാതെ വേദികളിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ കഴിയുന്നുണ്ട്. റിഥുനെ പ്രൊഡ്യൂസർ അനൂപിന് പരിചയപ്പെടുത്തിയ സഖറിയാസ് പെരിയപുരം ഡെൽമയുടെ മുൻ പ്രസിഡന്‍റ് ആയിരുന്നു. സംഘടനയുടെ മറ്റ് നേതാക്കൻമാരായ മനോജ് വർഗീസ്, അഭിഥ ജോസ്, നിവേദ രാജൻ തുടങ്ങി നിരവധി പേർ റിഥുനെ സപ്പോർട്ട് ചെയ്തിട്ടുണ്ട്.

റിഥുന് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നോ? എന്തു തോന്നി അവാർഡ് ലഭിച്ചപ്പോൾ?

"ഈ അവാർഡ് കിട്ടുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കിട്ടി എന്ന് അറിഞ്ഞപ്പോൾ ഞാൻ എക്സൈറ്റടാണ്"- റിഥുന്‍റെ വാക്കുകളിലൂടെ. ലിസ്റ്റിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നു. അപ്പോൾ മുതൽ റിസൽട്ട്സ് ഫോളോ ചെയ്യുന്നുണ്ടായിരുന്നു. എല്ലാം ദൈവാനുഗ്രഹമാണെന്നു കരുതുന്നു. ഒപ്പം എനിക്കും ഒരു ചെറിയ റോള് ചെയ്യാൻ അവസരം കിട്ടി - അമ്മ സിമി പറഞ്ഞു.

ചോ: "അപ്പുവിന്‍റെ സത്യാന്വേഷണങ്ങൾ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റിഥുന് സംസ്ഥാന സർക്കാറിന്‍റെ അവാർഡു ലഭിച്ചത്, അതിലെ കഥാപാത്രത്തെ ഉൾക്കൊള്ളാൻ എന്തൊക്കെ പരിശീലനങ്ങളാണ് നടത്തിയത്?

ഡയറക്ടർ സോഹൻലാൽ ഓഡിഷന്റെ സമയത്തു തന്നെ ചിത്രിത്തിലെ ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞിരുന്നു. നിഷ്കളങ്കനായ ഒരു ഗ്രാമീണ ബാലന്‍റെ കഥാപാത്രമാണ് ചെയ്യേണ്ടതെന്ന് അന്നേ പറഞ്ഞിരുന്നു. റിഥുന്റെ റോളാണ് ചിത്രത്തിന്‍റെ പ്രധാന കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞിരിന്നു. പൂർണമായ തിരക്കഥ കിട്ടിയപ്പോഴും അതിലേക്ക് കൂടുതൽ ഇറങ്ങി പഠിപ്പിക്കുവാനോ തയാറെടുക്കുവാനോ പ്രാക്ടീസ് ചെയ്യുവാനോ തുനിഞ്ഞില്ല. കാരണം കഥാപാത്രത്തെ നമ്മൾക്ക് മനസിലായ ഐഡിയ അല്ലായിരിക്കും ഡയറക്ടർ സോഹൻലാലിന്‍റെ. അദ്ദേഹത്തിന് ചിത്രമെങ്ങനെ പോകണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരുന്നതുകൊണ്ട്, ഒപ്പം കുട്ടികളുടെ (അഭിനേതാവിന്‍റെ) മുഴുവൻ കഴിവുകളെയും പുറത്തെത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.

പക്ഷെ ചിത്രത്തിന്‍റെ കോസ്റ്റ്യൂമറായ ഇന്ദ്രൻസ് ജയൻ (നടൻ ഇന്ദ്രൻസിന്‍റെ ബന്ധു) വിളിച്ചപ്പോൾ, കഥാപാത്രത്തെപ്പറ്റി കൂടുതൽ പറയുകയും ഒരു പക്ഷെ ഒരു അവാർഡു വരെ ലഭിക്കാവുന്ന കഥാപാത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞപ്പോൾ, ആ കഥാപാത്രത്തിന്‍റെ ഏകദേശ സ്വഭാവങ്ങൾ മനസിലായിരുന്നു. മോൻ അതു ഗൗരവമായി എടുത്തു നന്നായി ചെയ്യണമെന്ന് ഇന്ദ്രൻസ് ജയൻ കൂട്ടിചേർത്തു. സമയ കുറവു കാരണം, റിഥുന്‍റെ കഥാപാത്രമുള്ള രംഗങ്ങൾ മാത്രം ഫ്ലൈറ്റ് യാത്രക്കിടയിലും വീട്ടിലുമായി ഒന്നു വായിച്ചു നോക്കിയിരുന്നു.
തുടക്കം മുതലേ റിഥുൻ ചിത്രത്തേക്കുറിച്ചും അഭിനയത്തേക്കുറിച്ചും വളരെ അതീവ ത്പരനായിരിന്നു. അതാണ് ഡയറക്ടറിന് ഏറ്റവും ഇഷ്ടപ്പെട്ടതും. നാട്ടിലെത്തുന്നതിന് മുൻപ് ഡയറക്ടറുമായി സംസാരിച്ചപ്പോൾ, ഓഡിഷന്‍റെ സമയത്ത് നന്നായി ചെയ്തെങ്കിലും നാട്ടിൽ കാമറയുടെയും സിനിമാപ്രവർത്തകരുടെയും മുന്നിൽ ചെയ്യുമ്പോൾ ശരിക്കും അഭിനയിക്കാൻ പറ്റിയില്ലെങ്കിൽ റിഥുനെ സഹനടൻ സ്ഥാനത്തേക്ക് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നാട്ടിൽ ചെന്നപ്പോൾ ഷൂട്ടിംഗ്ന് മുൻപ് രണ്ടു ദിവസം വിനു, ഗോപാൽ എന്നിവരുടെ നേത്യത്വത്തിൽ വർക്ഷോപ്പ് ഉണ്ടായിരുന്നു, അതിൽ വിവിധ സ്കൂളുകളിൽ നിന്നും 80-ഓളം കുട്ടികൾ ഉണ്ടായിരുന്നു, അവരുമായൊക്കെ നന്നായി ഇടപഴകി നല്ല സുഹൃത്തുക്കളാകാൻ റിഥുന് സാധിച്ചു.

ആദ്യ ദിനങ്ങളിൽ ഡയലോഗുകൾ എഴുതി പറഞ്ഞു പഠിപ്പിക്കേണ്ടി വന്നു, സിമി ഓർക്കുന്നു. പിന്നീട് റിഥുൻ മറ്റുള്ള കുട്ടികളുമായി ഇടപഴകി നന്നായിട്ട് ചെയ്തു. പ്രൊഡ്യൂസർ എ.വി.അനൂപാണ് ചിത്രത്തിൽ റിഥുന്റെ വല്ല്യച്ചനായി വേഷമിടുന്നത്. ഒപ്പം കുട്ടികളുടെ ചിത്രങ്ങളെടുത്ത മുൻ പരിചയം, സോഹൻ ലാലിന് കുട്ടിളോട് ഇടപെടേണ്ട രീതിയും എല്ലാം നന്നായിട്ട് അറിയാം. ഇതൊക്കെ റിഥുനിലെ നടന് കൂടുതൽ സ്വതസിദ്ധമായ രീതിയിൽ ചെയ്യുവാൻ സാധിച്ചു.

അതുപോലെ റിഥുന്റെ കൂടെ അഭിനയിച്ച ബാലതാരം രോഹൻ ലാലും മാതാപിതാക്കളുമാകിട്ടൊക്കെയുള്ള ഇടപെടൽ റിഥുന്റെ അഭിനയത്തിന് ഒരു പാട് സഹായിച്ചു. മേക്കപ്പ് ചെയ്തത് പട്ടണം റഷീദും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മനോജുമാണ്.
പട്ടണം റഷീദിന്റെ മകൻ അൽത്താഫ്, ക്യാമറ അസിസ്റ്റന്റായും ചിത്രത്തിന്റെ ക്രൂവിലുണ്ടായിരുന്നു. നല്ല ടൈം മനേജ്മെന്റും സിനിമയുടെ ക്രൂ മെമ്പേഴ്സും, ടെക്നീഷ്യൻമാരും ഒക്കെയായി നല്ല ഒരു ടീം വർക്കായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഇനി എന്നാണ് എല്ലാവരേയും കാണുന്നതെന്ന് ചോദിച്ചപ്പോൾ, ഇനി അവാർഡ് കിട്ടുമ്പോൾ കാണാം എന്ന് തമാശയായി പറഞ്ഞത് ഓർക്കുന്നു.

ചോ: റിഥുന്റെ ആദ്യത്തെ ചലചിത്രമെന്ന നിലയിൽ അപ്പുവിന്റെ സത്യാന്വേഷങ്ങൾ എന്ന ചിത്രത്തെ എങ്ങനെ കാണുന്നു? ഈ സിനിമ അഭിനയ അനുഭവത്തെ എങ്ങനെ കാണുന്നു? ഈ സിനിമാ അഭിനയം തുടർന്നുള്ള ജീവിതത്തെ മാറ്റി മറിക്കാൻ തക്കതാണെന്നു തോന്നുന്നുണ്ടോ?

തീർച്ചയായിട്ടും ഇതൊരു ഭാഗ്യമായിട്ടാണ് ഞങ്ങൾ കരുതുന്നത്. പല ഘടകങ്ങളും ഒരുമിച്ച് വന്നത് ദൈവാധീനവും. 2018 സെപ്റ്റംബർ ഒക്ടോബർ വരെ വളരെ സാധാരണ മലയാളി പ്രേക്ഷകർ എന്ന രീതിയിൽ സിനിമകൾ കാണുന്നു ആസ്വദിക്കുന്നു എന്നതിലുപരി സിനിമാ അഭിനയ മോഹമോ, അഭിനയ പാരമ്പര്യമോ ഒന്നുമില്ലാതിരുന്ന ഒരു കുടുംബത്തിന് 5-6 മാസങ്ങൾ ഇരുട്ടി വെളുത്തപ്പോൾ സംസ്ഥാന അവാർഡ് ലഭിക്കുക എന്നത് ഇപ്പോഴും വിശ്വാസിക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം - സിമി പറഞ്ഞു. അതോടൊപ്പം വളരെ സന്തോഷവും ഒപ്പം ഈ അവാർഡ് ലഭിക്കുവാൻ റിഥുനെ അർഹനാക്കിയതിൽ ഒരു പാട് പേരോട് നന്ദിയും ഉണ്ട്. റിഥുന്റെ പേര് നിർദ്ദേശിച്ച സഖറിയാസ് പെരിയപുരം മുതൽ, വിജയൻ, പ്രൊഡ്യൂസർ എ.വി.അനൂപ്, ഡയറക്ടർ സോഹൻലാൽ, തുടങ്ങി ഒട്ടനവധി പേരോട് അകമഴിഞ്ഞ നന്ദിയുണ്ട്. ഷൂട്ടിംഗ് നടന്നപ്പോൾ റിഥുന്റെ അഭിനയം സ്വതസിദ്ധമായ അഭിനയമാണെന്നും ഇനിയും ഒട്ടനവധി സിനിമകളിലൂടെ മലയാളികൾക്ക് മറക്കാനാകാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ റിഥുനു കഴിയുമെന്ന് ക്രൂ മെമ്പേഴ്സിൽ പലരും പറയുകയുണ്ടായി. ദൈവാനുഗ്രഹം കൊണ്ട് റിഥുന്റെ പഠന്നത്തിന് കോട്ടം തട്ടാത്ത രീതിയിൽ ഇനിയും അവസരങ്ങൾ വന്നാൽ ഉറപ്പായിട്ടും അഭിനയിപ്പിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അവാർഡ് ലഭിച്ചത് കുട്ടികളുടെ ആത്മാഭിമാനം ഉയർത്തി എന്നുള്ളത് വളരെ സന്തോഷം നൽകുന്നതാണ് - സിമി കൂട്ടിച്ചേർത്തു.

ചോ: സിനിമാ മേഖലയിൽ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ റിഥുനു സാധിച്ചോ? അവരുമായുള്ള ഇടപഴകൽ എങ്ങനെയായിരുന്നു? അമേരിക്കൻ മലയാളി എന്നത് വിത്യസ്തനാക്കിയോ?

സിനിമാ അഭിനയത്തിന് ശേഷവും അവാർഡ് ലഭിച്ചതിന് ശേഷവും വലിയ ഉയർന്ന് പോയി എന്ന് തോന്നാതെ സാധാരണ പോലെ സ്കൂൾ ബസിൽ കയറി സ്കൂളിൽ പോകാനും കൂട്ടുകാരുടെ കൂടെ സാധാരണ പോലെ കളി തമാശ പറഞ്ഞ് സാധാരണക്കാരനായിട്ടാണ് റിഥുൻ ഇപ്പോഴും. ഈ അവാർഡ് ലഭിച്ചത് കൊണ്ട് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഒന്നും ഇവിടെ അമേരിക്കയിൽ ലഭിച്ചിട്ടുമില്ല.

റിഥുൻ എത്ര ഉയരങ്ങൾ കീഴടക്കിയാലും ഒരു നന്മയുള്ള മനുഷ്യനായി കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഈ സിനിമാ കൊണ്ട് ഒരുപാടു സുഹൃത്തുക്കളെ ഉണ്ടാക്കുവാൻ സാധിച്ചു. പ്രത്യേകിച്ച് പ്രൊഡ്യൂസർ എ.വി.അനൂപ് ചിത്രത്തിൽ മുത്തച്ഛനായി അഭിനയിച്ച് അവർ തമ്മിലൊരു നല്ല ബന്ധം ഉണ്ടായി എന്നു വേണം കരുതാൻ. അതുപോലെ ഡയറക്ടർ സോഹൻലാലിന് കുട്ടികളോട് ഇടപെടേണ്ട രീതി നന്നായിട്ട് അറിയാം. അസിസ്റ്റന്റ് ഡിയറക്ടർമാർ, കാമറമാൻ രാധാകൃഷ്ണൻ, മീരാ വാസുദേവാണ് ചിത്രത്തിൽ റിഥുന്റെ അമ്മയായിട്ട് വേഷം ഇട്ടത്. പക്ഷെ ഒരു പാട് ചിത്രങ്ങളിൽ അഭിനയിച്ച നടിയാണെന്നോ, അവാർഡുകൾ ലഭിച്ചുണ്ടെന്നോ എന്നൊക്കെ റിഥുന് അറിവില്ലാത്തത് കൂടുതൽ റിലാക്സായി തൻമയത്വത്തോടു കൂടി അഭിനയിക്കാൻ റിഥുന് സാധിച്ചു. അതു പോലെ കരമന സുധീർ ആയിരുന്നു ചിത്രത്തിൽ അച്ഛനായി വേഷമിട്ടിരുന്നത്. റിഥുൻ എന്തെങ്കിലും തെറ്റ് കാണിച്ചാൽ റീടേക്ക് എടുക്കേണ്ടി വരുമോന്നും, അങ്ങനെ സംഭവിച്ചാൽ അവർക്ക് മുഷിവ് തോന്നുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു , സിമി പറഞ്ഞു. പക്ഷെ സോഹൻലാലും ക്രൂവും നൽകിയ പിൻതുണ ആശ്വാസമായി. മണിയൻ പിള്ള, സരയൂ തുടങ്ങിയവരും ഒപ്പം അഭിനയിച്ചിരുന്നു.

ചോ: റിഥുന്റെ കുടുംബം എന്ന നിലയിൽ എങ്ങനെയാണ് ഈ അവാർഡിനെ നോക്കിക്കാണുന്നത്? ഈ അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഈ സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോഴൊന്നും അവാർഡ് എന്നത് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. എങ്ങനെയെങ്കിലും തെറ്റുകൾ കൂടാതെ അഭിനയിച്ചു തീർക്കണം എന്നേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സെറ്റിലുണ്ടായിരുന്ന പലരും പറഞ്ഞു, റിഥുനേ കൂടുതൽ അഭിനയിക്കാൻ വിടണമെന്നും, സ്വതസിദ്ധമായ കഴിവ് ഉണ്ടെന്നും ഒരു പക്ഷെ അവാർഡ് വരെ കിട്ടാൻ അവസരം ഉണ്ടെന്ന് പറഞ്ഞു. അപ്പോഴും മനസ്സിൽ ചിലപ്പോൾ മകച്ച കുട്ടികളുടെ സിനിമ എന്ന അവാർഡു ചിലപ്പോൾ ലഭിച്ചേക്കുമെന്നേ തോന്നിയിരുന്നുള്ളു. ലിസ്റ്റിൽ ഉണ്ടെന്ന് അറിഞ്ഞപ്പോഴും "നിനക്കുള്ളതാണെങ്കിൽ അത് ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കൂ" എന്ന് റിഥുനോട് അമ്മ സിമി പറഞ്ഞിരിന്നു. മികച്ച ബാലതാരം അവാർഡ് ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല.

ചോ: ഈ അവാർഡു ലഭിച്ചെന്ന് എങ്ങനെയാണ് അറിഞ്ഞത്? അറിഞ്ഞപ്പോൾ റിഥുന്റെയും കുടുംബത്തിന്‍റെയും പ്രതികരണങ്ങൾ എങ്ങനെ ആയിരുന്നു?

"എനിക്ക് സന്തോഷായി" റിഥുന്റെ പ്രതികരണം ഇങ്ങനെ. ഒരു പ്രതീക്ഷയും ഇല്ലാതെ പോയി ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചതിൽ വീട്ടിലെ എല്ലാവരേയും പോലെ സുഹൃത്തുക്കൾക്കും അഭിമാനമാണ്. യൂ ടൂബിൽ ജയസൂര്യയ്ക്കും സൗബിനും അവാർഡു കിട്ടിയെന്ന് കണ്ടപ്പോൾ, അപ്പുവിന്റെ സത്യാന്വേഷണത്തിന് എന്തെങ്കിലും ലഭിച്ചോ എന്നറിയാൻ സോഹൻലാലിനേയും അനൂപിനേയും വിളിച്ചപ്പോഴാണ് അവർ റിഥുന് മികച്ച ബാലതാരത്തിനുള്ള അവാർഡുണ്ട് എന്ന് അറിയിച്ചത്. ആദ്യം ഒരു അവിശ്വസനീയത ആയിരുന്നു. ശരിക്കും സന്തോഷവും അതിനായി സഹായിച്ച എല്ലാവരോടും നന്ദിയുമുണ്ട്.

ചോ: അടുത്ത പദ്ധതികൾ എന്തൊക്കെയാണ്? പുതിയ ചിത്രങ്ങൾക്ക് ഓഫർ വന്നിട്ടുണ്ടോ? പൂർണമായിട്ടും ചലച്ചിത്രത്തിന്‍റെ മേച്ചിൽ പുറങ്ങൾ തേടി പോകുകയാണോ?

അമേരിക്കയിൽ വെക്കേഷൻ സമയമായ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ റിഥുന്റെ പഠനത്തിന് മുടക്കം വരാത്ത രീതിയിലുള്ള പ്രോജക്ടുകൾ വരുകയാണെങ്കിൽ ഉറപ്പായിട്ടും അതിൽ ഭാഗവാക്കാകുവാൻ ശ്രമിക്കും. ചില പ്രോജക്ടുകളുടെ സംസാരം തുടങ്ങി വെച്ചിട്ടുണ്ട്, ഒന്നും കൺഫേമായിട്ട് പറയാറായിട്ടില്ല.

ചോ: റിഥുന് ഒരു ചലച്ചിത്ര നടനാകാനാണോ ആഗ്രഹം? ഒപ്പം ഈ ചലച്ചിത്ര ചിത്രീകരണത്തിനിടയിൽ നടന്ന തമാശകൾ എന്തെങ്കിലും പറയാമോ?

ഒരു ഡിഗ്രിയൊക്കെ എടുത്തിട്ട് ചലച്ചിത്ര മേഖലയിലേക്ക് ഇറങ്ങാൻ ഒരു ചെറിയ ആഗ്രഹമില്ലാതില്ല. ഇവിടുന്ന് നാട്ടിലേക്ക് പോകുമ്പോഴും വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ പോകുമ്പോഴുമൊക്കെ നാട്ടിൽ എല്ലാവരോടും മലയാളത്തിലേ സംസാരിക്കാവൂ എന്ന് അമ്മ പറഞ്ഞിരുന്നു, പക്ഷേ അവിടെ ചെന്നപ്പോൾ റിഥുൻ ഒഴികെ ബാക്കിയുള്ള കുട്ടികൾ ഇംഗ്ലീഷിലാണ് സംസാരിച്ചത് എന്ന് തമാശയായിട്ടാണ് റിഥുനു തോന്നിയത്. അതുപോലെ മീര വാസുദേവിന് കൂടുതലും തമിഴ് ഭാഷയിലാണ് പ്രാവണ്യം, അതു കൊണ്ട് ഡയലോഗുകൾ എഴുതി പറഞ്ഞു പ്രാക്ടീസ് ചെയ്യുക പതിവായിരുന്നു. റിഥുനും ആദ്യ ദിനങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. അത് ഓർമ്മ വന്ന റിഥുൻ മീരയുടെയും ആദ്യ ചിത്രമാണെന്ന് കരുതി, മീരയ്ക്ക് ഫ്രീ ആയിട്ട് ഒരു അഡ്വൈസും നൽകി "ഇത് നിങ്ങളുടെ ആദ്യത്തെ സിനിമയാണോ? പേടിക്കേണ്ടാ രണ്ടു ദിവസങ്ങൾ കൊണ്ട് ശരിയായിക്കൊള്ളും" !!!

ചോ: റിഥുൻ മലയാളം ചലച്ചിത്രങ്ങൾ കാണാറുണ്ടോ? ആരായാണ് മലയാള ചലച്ചിത്ര മേഖലയിലെ ഇഷ്ട താരങ്ങൾ?

മലയാള സിനിമകൾ കാണാറുണ്ട് പക്ഷെ എല്ലാം മുഴുവനും ഇരുന്നു കാണാറുമില്ല. മുഴുവനും ഇരുന്നു കണ്ട സിനിമകളിൽ ഇഷ്ടപ്പെട്ടത് മോഹൻലാൽ നായകനായ പുലിമുരുകനും നിവിൻ പോളി നായകനായ പ്രേമവുമാണ്. ഇഷ്ടനായകരും ഇവർ രണ്ടുമാണ്.

ചോ: റിഥുൻ വീട്ടിൽ മലയാളം ഭാഷയാണോ കൂടുതൽ കൈകാര്യം ചെയ്യുന്നത്? ആരാണ് മലയാളം പഠിപ്പിക്കുന്നത്?

ഞങ്ങൾ വീട്ടിൽ കൂടുതലും മലയാളത്തിലാണ് സംസാരിക്കാൻ ശ്രമിക്കുന്നത്. റിഥുൻ ഉണ്ടായപ്പോഴും എല്ലാം സിമിയുടെ മാതാപിതാക്കൾ കൂടെ ഉണ്ടായിരുന്നത് ഭാഗ്യമായിട്ടാണ് കരുതുന്നത്. അമ്മച്ചിയുടെ കൂടെ അടുക്കളയിൽ മലയാളത്തിൽ സംസാരിച്ചിരിക്കും റിഥുൻ. രോഹൻ ഉണ്ടായപ്പോൾ കുറച്ച് നാൾ റിഥുൻ നാട്ടിൽ പോയി നിൽക്കാൻ ഇടയായതും ഉച്ചാരണത്തിൽ വലിയ മികവ് ഉണ്ടായി.

റിഥുൻ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച് മലയാളികൾക്ക് ഒരു പാട് മറക്കാനാകാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ ഇടവരട്ടെയെന്ന് ആശംസിക്കുന്നു.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്