പന്ത്രണ്ടുകാരനായ ഇന്ത്യൻ പിയാനിസ്റ്റിന് ലഭിച്ച അംഗീകാരം ഒരു മില്യൺ ഡോളർ
Thursday, March 21, 2019 8:02 PM IST
കലിഫോർണിയ: സിബിഎസ് ടാലന്‍റ് ഷോയിൽ ദി വേൾഡ്സ് ബെസ്റ്റ് പിയാനിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ലിഡിയൻ നാദേശ്വരത്തിന് ലഭിച്ചത് ഒരു മില്യൺ ഡോളർ (ഏതാണ്ട് ഏഴു കോടിയോളം രൂപ) അവാർഡ്. മാർച്ച് 17 ന് നടന്ന മത്സരത്തിൽ സൗത്ത് കൊറിയയിൽ നിന്നുള്ള കുക്കി വണിനെയാണ് ഫൈനൽ റൗണ്ടിൽ പരാജയപ്പെടുത്തിയത്. ലിഡിയന് 84 പോയിന്‍റും എതിരാളിക്ക് 63 പോയിന്‍റും ലഭിച്ചു.

ഫൈനലിൽ ലിഡിയന്‍റെ കൈവിരലുകൾ രണ്ടു പിയാനോകളിൽ ഒരേ സമയം അതിവേഗം ചലിപ്പിച്ച് മാസ്മരിക പ്രകടനമാണു കാഴ്ചവച്ചത്. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും പ്രസിദ്ധരുമായ ജഡ്ജിമാരാണു ലിഡിയനെ തിരഞ്ഞെടുത്തത്.

ഒരു ദിവസം ചുരുങ്ങിയത് അഞ്ചുമണിക്കൂറെങ്കിലും പിയാനോയിൽ പരിശീലനത്തിനുവേണ്ടി ലിഡിയൻ ചെലവഴിച്ചിരുന്നു.

കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി വേൾഡ്സ് ബെസ്റ്റ് ടെലിവിഷൻ സീരീസ് ഷോ പ്രോഡ്യൂസർമാർ മാർക്ക് ബണറ്റ്, മൈക്ക് ഡാർനൽ എന്നിവരാണ്.

ചെന്നൈയിൽ മുഴുവൻ സമയ മ്യൂസിക്ക് വിദ്യാർഥിയായ ലിഡിയനു ലഭിച്ച ഒരു മില്യൺ ഡോളർ സമ്മാനത്തുക സംഗീതത്തിനുള്ള ഒരു വലിയ അംഗീകാരം കൂടിയാണ്.

2007 ൽ ചെന്നൈയിലായിരുന്നു ലിഡിയന്‍റെ ജനനം. തമിഴ് മ്യൂസിക് ഡയറക്ടർ വർഷൻ സതീഷിന്‍റെ മകനാണ് ലിഡിയൻ. സഹോദരി അമൃതവർഷിണി ഫ്ലൂട്ട് വിദഗ്ധയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ